ദില്ലി: പാകിസ്താനിലെ പട്ടാളക്കോടതി വധശിക്ഷയ്‌ക്കു വിധിച്ച ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് എത്രയും വേഗം നയതന്ത്ര സഹായം ഉറപ്പുവരുത്താന്‍ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പാക്കിസ്ഥാനുമായി ആശയവിനിമം നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാരായ ഹമീദ് നെഹല്‍ അന്‍സാരി, കുല്‍ഭൂഷണ്‍ ജാദവ് എന്നിവര്‍ക്ക് നയന്ത്രസഹായം നല്‍കാന്‍ അനുവദിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവിശ്യപ്പെട്ടത്. 2012ല്‍ മുംബൈ സ്വദേശിയായ ഹമീദ് നെഹല്‍ അനധികൃതമായി അഫ്ഗാനില്‍ നിന്നും പാകിസ്താനില്‍ പ്രവേശിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. നാവികസേനാ ഓഫിസറായി 2003ല്‍ വിരമിച്ചശേഷം ഇറാനിലെ ചാബഹാറില്‍ വ്യാപാരിയായിരിക്കെ പാക് പട്ടാളം കുല്‍ഭൂഷണ്‍ ജാദവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇന്ത്യന്‍ ചാരനാണെന്നു മുദ്രകുത്തി കുല്‍ഭൂഷണ്‍ ജാദവിനെ പട്ടാളക്കോടതി വധശിക്ഷയ്‌ക്കു വിധിച്ചിരിക്കുകയാണ്. ഇതിനെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയിട്ടുണ്ട്. ഇരുരാജ്യങ്ങളും ജയിലില്‍ കഴിയുന്ന പൗരന്‍മാരുടെ പട്ടികയും പരസ്‌പരം കൈമാറി. 

പാകിസ്താന്‍ നല്‍കിയ പട്ടിക പ്രകാരം 546 ഇന്ത്യന്‍ പൗരന്‍മാര്‍ പാക് ജയിലുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ 494 പേര്‍ മല്‍സ്യത്തൊഴിലാളികളും 52 പേര്‍ സാധാരണ ജനങ്ങളുമാണ്. 2008 മേയ് 21ന് തയാറാക്കിയ ഉടമ്പടി പ്രകാരമാണ് ഇരുരാജ്യങ്ങളിലെയും ജയിലുകളില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നത്. ഇതിന്റെ ഫലമായി എല്ലാ വര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഈ വിവരങ്ങള്‍ പരസ്‌പരം കൈമാറും. ജയിലില്‍ കഴിയുന്ന മറ്റു ഇന്ത്യക്കാരെ മാനുഷിക പരിഗണന നല്‍കി മോചിപ്പിക്കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.