പന്ത്രണ്ടു മുതൽ പതിനാറു വയസുവരെയുള്ളവരെ ബലാൽസംഗം ചെയ്താൽ കുറഞ്ഞ ശിക്ഷ പത്തിൽ നിന്ന് ഇരുപത് കൊല്ലമായും കൂട്ടബലാൽസംഗമെങ്കിൽ ജീവപര്യന്തമായും ഉയർത്തി

ദില്ലി: പന്ത്രണ്ട് വയസിനു താഴെയുള്ള പെൺകുട്ടികളെ ബലാൽസംഗം ചെയ്താൽ വധശിക്ഷ വരെ നല്‍കാനുള്ള ബില്‍ ലോക്സഭ ഏകകണ്ഠമായി പാസാക്കി. കുറഞ്ഞത് ഇരുപത് വർഷം തടവുശിക്ഷയോ വധശിക്ഷയോ നല്‍കാനാണ് വ്യവസ്ഥ. കൂട്ടബലാൽസംഗമാണെങ്കിൽ ജീവപര്യന്തമോ വധശിക്ഷയോ നല്‍കണമെന്നാണ് നിർദ്ദേശം. 

പന്ത്രണ്ടു മുതൽ പതിനാറു വയസുവരെയുള്ളവരെ ബലാൽസംഗം ചെയ്താൽ കുറഞ്ഞ ശിക്ഷ പത്തിൽ നിന്ന് ഇരുപത് കൊല്ലമായും കൂട്ടബലാൽസംഗമെങ്കിൽ ജീവപര്യന്തമായും ഉയർത്തി. പതിനാറു വയസിനു മുകളിലെങ്കിൽ കുറഞ്ഞ ശിക്ഷ 7 വർഷം എന്ന നിലവിലെ വ്യവസ്ഥ പത്തു വർഷമാക്കി ഉയർത്തി.

ആൺകുട്ടികൾക്ക് എതിരെയുള്ള അക്രമത്തിന് നിലവിലെ വ്യവസ്ഥകളിൽ മാറ്റമില്ല. ബില്‍ ചർച്ചയ്ക്കിടെ ജമ്മുകശ്മീരിലെ കതുവയിൽ എട്ടു വയസ്സുകാരിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവം എൻകെ പ്രേമചന്ദ്രൻ സഭയിൽ ഉയർത്തിയത് ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കി.