ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ അസ്തമിച്ചു

നോട്ടിംഗ്ഹാം: ആദ്യത്തെ ആളിക്കത്തലിന് ശേഷം ശിഖര്‍ ധവാന്‍ പുറത്തായെങ്കിലും ഇംഗ്ലീഷുകാരെ അടിച്ചൊതുക്കി രോഹിത്തും കോലിയും കുതിക്കുന്നു. 269 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഗംഭീര തുടക്കമാണ് ധവാനും രോഹിത് ശര്‍മയും നല്‍കിയത്.

ആദ്യ വിക്കറ്റായി ധവാന്‍ പുറത്താകുമ്പോള്‍ തന്നെ ഇന്ത്യന്‍ സ്കോര്‍ 59ല്‍ എത്തിയിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന രോഹിത്തും കോലിയും നിഷ്കരുണം ഇംഗ്ലീഷ് ബൗളര്‍മാരെ തല്ലി ചതയ്ക്കുകയായിരുന്നു. 29 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 205ല്‍ എത്തിനില്‍ക്കുകയാണ്.

93 റണ്‍സുമായി രോഹിത്തും 70 റണ്‍സുമായി കോലിയുമാണ് ക്രീസില്‍. ഇനി ഇന്ത്യക്ക് വിജയത്തിലേക്ക് 64 റണ്‍സ് കൂടെ മതി. നേരത്തെ കുല്‍ദീപിന്‍റെ ആറു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ 268 റണ്‍സില്‍ ഒതുക്കിയത്. ശിഖര്‍ ധവാന്‍ 40 റണ്‍സെടുത്തു.