അടുത്ത പത്ത് വർഷത്തിനിടയിൽ രാജ്യത്തിന് വേണ്ടത് സഖ്യ രാഷ്ട്രീയമല്ല മറിച്ച്  സ്ഥിരതയുള്ളതും കരുത്തുറ്റതുമായ സർക്കാരാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍. 

ദില്ലി: അടുത്ത പത്ത് വർഷത്തിനിടയിൽ രാജ്യത്തിന് വേണ്ടത് സഖ്യ രാഷ്ട്രീയമല്ല മറിച്ച് സ്ഥിരതയുള്ളതും കരുത്തുറ്റതുമായ സർക്കാരാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍. സഖ്യകക്ഷി രാഷ്ട്രീയം വന്നാൽ അത് രാജ്യത്തിന്റെ പുരോഗതിക്ക് ദോഷം ചെയ്യുമെന്നും ഡോവല്‍ വ്യക്തമാക്കി. ദില്ലിയിൽ സംഘടിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യമായതും ശക്തമായതുമായ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യങ്ങളാണ് വരും കാലങ്ങളിൽ രാജ്യത്തെ കാത്തിരിക്കുന്നത്. ദുർബലമായ അധികാര കേന്ദ്രങ്ങൾക്ക് അത്തരം തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കില്ല. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്വാകാര്യ കമ്പനികൾക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകണം. അലിബാബ പോലുള്ള ചൈനീസ് കമ്പനികള്‍ക്ക് അവിടുത്തെ സർക്കാർ വലിയ പിന്തുണയാണ് നല്‍കുന്നത്. അതുകൊണ്ടാണ് അവ ലോകശ്രദ്ധ ആകർഷിച്ച കമ്പനികളായി വേഗം മാറിയത്-; അജിത്ത് ഡോവല്‍ പറഞ്ഞു.

ഇന്ത്യയിലെ സ്വകാര്യ കമ്പനികളും ഇത്തരത്തില്‍ മുന്നേറേണ്ടതുണ്ട്. അതിനൊപ്പം ഇന്ത്യന്‍ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ജനകീയമായ നടപടികള്‍മാത്രം എപ്പോഴും എടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് വരില്ലെന്നും അതിനാല്‍ നിയമവാഴ്ച എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ കുറഞ്ഞ കാലത്തേക്കെങ്കിലും അത്തരം നടപടികള്‍ ജനങ്ങള്‍ക്ക് ചെറിയ അനിഷ്ടങ്ങള്‍ സമ്മാനിച്ചെന്ന് വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യന്‍ സാമ്പദ് വ്യവസ്ഥ ആഗോള തലത്തില്‍ കിടപിടക്കാന്‍ കഴിയുന്ന രീതിയിലേക്ക് വളരണം. പ്രതിരോധ ഇടപാടുകളില്‍ നൂറ് ശതമാനം സാങ്കേതിക വിദ്യാ കൈമാറ്റം എന്നതാണ് മോദി സര്‍ക്കാരിന്റെ നയമെന്നും രാജ്യപുരോഗതിക്ക് കൃത്യമായ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ഡോവല്‍ പറഞ്ഞു.