മൂന്നാം ചെങ്കോട്ട പ്രസംഗത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറെടുക്കുന്നത്. രാവിലെ ഏഴിന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും. സ്വതന്ത്യസമര സേനാനികള്‍ക്ക് ആദരവ് അര്‍പ്പിച്ച ശേഷം 7.10നാണ് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം. കഴിഞ്ഞ തവണത്തേത് പോലെ ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയാണ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയം തെരഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ വെബ്സൈറ്റായ മൈ ഗവ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴിയാണ് പൊതുജനാഭിപ്രായം തേടിയത്. എഴുതിത്തയ്യാറാക്കിയ സ്വാന്ത്ര്യദിന സന്ദേശം വായിക്കുന്നതിന് പകരം സ്വതസിദ്ധമായ മോദി ശൈലി പ്രസംഗവും ചെങ്കോട്ട സ്‌പെഷ്യല്‍ തലപ്പാവയും ഇത്തവണയും ശ്രദ്ധ ആകര്‍ഷിക്കും.

സ്വാതന്ത്ര്യസമര സേനാനികളുടെ വീടുകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും വേറിട്ട ആഘോഷത്തിനാണ് തുടക്കമിട്ടത്. ചരിത്രത്തിലാദ്യമായാണ് സ്വാതന്ത്ര്യദിന വാരോഘോഷം സംഘടിപ്പിച്ചത്. ഇന്ത്യാഗേറ്റിന് സമീപം സംസ്ഥാനങ്ങളുടെ പ്രദര്‍ശന ശാലകളും കലാപരിപാടികളുമാണ് മുഖ്യ ആകര്‍ഷണം. ഇന്ന് വൈകീട്ട് ഏഴിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. മുംബൈ മാതൃകയില്‍ ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം.