ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ചൈനീസ് കടന്നുകയറ്റം ഇന്ത്യന്‍ സേന തടഞ്ഞു. പാന്‍ഗോംങ് തടാകത്തിന് സമീപം ഇരു സേനകളും തമ്മില്‍ സംഘര്‍ഷമുണ്ടായി. കല്ലേറില്‍ ഇരുവിഭാഗം സൈനികര്‍ക്കും പരിക്കേറ്റു. ഇന്ന് രാവിലെയാണ് കടന്നുകയറ്റശ്രമങ്ങളുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട്, ഇരുവിഭാഗവും ബാനര്‍ ഡ്രില്‍ നടത്തി പഴയ സ്ഥാനത്തേക്ക് തിരികെ പോവുകയായിരുന്നു. ദോക് ലായെ ചൊല്ലി ജൂണ്‍ 16ന് ആണ് ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം വീണ്ടും സജീവമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു സൈനിക വിഭാഗവും അതിര്‍ത്തിയില്‍ സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് ലഡാക്കിലും ചൈനീസ് അതിക്രമം ഉണ്ടായത്.