വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യ വളരെ സുരക്ഷിതമായ ഇടമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭീകരാക്രമണങ്ങള്‍ നടക്കുന്ന യൂറോപ്പിലും തുടര്‍ച്ചയായി വെടിവയ്പ് നടക്കുന്ന അമേരിക്കയിലും വിനോദ സഞ്ചാരികള്‍ പോകാതിരിക്കുന്നുണ്ടോയെന്ന് കണ്ണന്താനം ചോദിച്ചു. ഫത്തേപ്പൂര്‍ സിക്രിയില്‍ സ്വിറ്റസര്‍ലന്റ്കാരായ രണ്ട് പേര്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് കണ്ണന്താനത്തിന്റെ വിശദീകരണം. ഇത്തരം അക്രമസംഭവങ്ങള്‍ അപൂര്‍വ്വമായി മാത്രം നടക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

സ്വിറ്റ്സര്‍ലന്റ് സ്വദേശികളായ യുവാവിനും യുവതിക്കും നേരെയുണ്ടായ ആക്രമണം രാജ്യത്തിന് ഏറെ നാണക്കേട് സൃഷ്ടിച്ചിരുന്നു. ആഗ്രയിലുണ്ടായ ആക്രമണം യുപി സര്‍ക്കാരിനെ പ്രതിരോധത്തിലുമാക്കിയിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സഞ്ചാരികള്‍ ദില്ലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഫത്തേപ്പൂര്‍ സിക്രിയിലെ റെയില്‍വേ സ്റ്റേഷന് സമീപം നില്‍ക്കുകയായിരുന്ന ഇവരെ അഞ്ച് യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. ഒപ്പം നിന്ന് സെല്‍ഫിയെടുക്കണമെന്ന് ആവശ്യപ്പെട്ട സംഘം യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. ചെറുത്ത് നില്‍ക്കുന്നതിനിടെ നിലത്ത് വീണ ഇവരെ സംഘം വടിയും കല്ലുമുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. അഞ്ചംഗ അക്രമി സംഘത്തിലെ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.