ന്യൂഡല്‍ഹി:മൂന്ന് ചൈനീസ് മാധ്യമപ്രവര്‍ത്തകരെ ഇന്ത്യ പുറത്താക്കി. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ടര്‍മാരെയാണ് വിസ നീട്ടി നല്‍കാതെ തിരിച്ചയച്ചത്. ജൂലായ് 31നകം ഇന്ത്യ വിട്ടുപോകാനാണ് ഇവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇന്ത്യയുടെ എന്‍ എസ് ജിയുമായി (ആണവ വിതരണ ഗ്രൂപ്പ്) പ്രവേശനവുമായ ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കെയാണ് പുതിയ തീരുമാനം. ഇത് ബന്ധം കൂടുതല്‍ വഷളാക്കിയേക്കും.
സിന്‍ഹുവ റിപ്പോര്‍ട്ടര്‍മാരായ വു ക്വിയാംഗ്, ലു താംഗ്, ഷി യോംഗ് ഗാംഗ് എന്നിവരോടാണ് മടങ്ങിപ്പോകാന്‍ ഇന്ത്യ ആവശ്യപ്പെട്ടത്. ചൈനീസ് ഭരണകൂടത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സിന്‍ഹുവയുടെ പ്രവര്‍ത്തനം. പ്രധാനമന്ത്രി ലീ കെഖ്യാംഗിന്റെ നേതൃത്വം നല്‍കുന്ന സ്റ്റേറ്റ് കൗണ്‍സിലിനാണ് നിയന്ത്രണം.
ലു താംഗും വു ക്വിയാംഗും ഡല്‍ഹി ബ്യൂറോയിലും ഷി യോംഗ് ഗാംഗ് മുംബെയിലുമാണ് പ്രവര്‍ത്തിക്കുന്നത്. വിസാ കാലാവധി നീട്ടി നല്‍കാത്തത്തിന് പ്രത്യേകിച്ച് കാരണമൊന്നും അധികൃതര്‍ അറിയിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. വു ക്വിയാംഗ് ഏഴ് വര്‍ഷമായി ഇന്ത്യയിലുണ്ട്. മറ്റ് രണ്ട് പേര്‍ ഒരു വര്‍ഷം മുമ്പാണ് എത്തിയത്. ഈ വര്‍ഷം ആദ്യം തന്നെ വിസാകാലാവധി കഴിഞ്ഞിരുന്നെങ്കിലും കാത്തിരിക്കാനായിരുന്നു ഇവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍ വിസയില്ലാതെ പാസ്‌പോര്‍ട്ട് മാത്രമാണ് ഇവര്‍ക്ക് തിരിച്ചുകിട്ടിയത്. 31നകം ഇന്ത്യ വിട്ടുപോകാന്‍ ഇവര്‍ക്ക് കഴിഞ്ഞ 14 ന് നിര്‍ദ്ദേശം നല്‍കി.
ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവയ്ക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനം ചൈന എതിര്‍ത്തത്. ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ അടുക്കുന്നതിലും ചൈന അസ്വസ്ഥരാണ്. ഗവണ്‍മെന്റ് നയങ്ങളെ വിമര്‍ശിക്കുന്ന വിദേശ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുന്നത് മിക്ക രാജ്യങ്ങളിലും പതിവാണ്. ഡിസംബറില്‍ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനെ ചൈന പുറത്താക്കിയിരുന്നു. സിംഗ്ജിയാംഗ് പ്രവിശ്യയിലെ ഉയ്ഗുര്‍ മുസ്ലിങ്ങളുടെ പ്രശ്‌നം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ചൈനീസ് ഗവണ്‍മെന്റിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനെതിരെയുള്ള ചൈനയുടെ നടപടി.
പുറത്താക്കലില്‍ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ അഞ്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുണ്ട്. കൂടാതെ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍, ചൈന ഡെയ്‌ലി, ചൈന റേഡിയോ ഇന്റര്‍നാഷണല്‍ എന്നിവിടങ്ങളിലും ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചൈനീസ് ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം രണ്ട് ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ ഫെലോഷിപ്പിന്റെ ഭാഗമായും ചൈനയിലുണ്ട്. ഇവരെ പുറത്താക്കി ചൈന പ്രതികരിച്ചേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
