ഇറാനെ ഒറ്റപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാന പ്രകാരം
ഇറാനില് നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ ഇന്ത്യ പൂര്ണ്ണമായും നിര്ത്തണമെന്ന് അമേരിക്ക. ഇല്ലെങ്കിൽ ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏര്പ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാനെ ഒറ്റപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാന പ്രകാരമാണ് അമേരിക്കൻ മുന്നറിയിപ്പ്.
ഇറാനിൽ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളായ ഇന്ത്യയും ചൈനയും അത് നിര്ത്തണമെന്നാണ് ആവശ്യം. മുന്കാലങ്ങളിലേത് പോലെ തീരുമാനത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നാണ് അമേരിക്കൻ മുന്നറിയിപ്പ്. തീരുമാനം വിശദീകരിക്കാൻ അമേരിക്കൻ ഉദ്യോഗസ്ഥര് വരുന്ന ആഴ്ചകളിൽ ഇന്ത്യയിലെത്തും. സൗദിയും ഇറാഖും കഴിഞ്ഞാൽ ഇന്ത്യ ഏറ്റവുമധികം എണ്ണ വാങ്ങുന്നത് ഇറാനിൽ നിന്നാണ്. ഈ സാഹചര്യത്തിൽ അമേരിക്കയുടെ മുന്നറിയിപ്പിനോട് ഇന്ത്യയുടെ പ്രതികരണമെന്താകുമെന്നതാണ് പ്രധാനം.
ഐക്യരാഷ്ട്ര സഭയുടെ ഉപരോധത്തെ മാത്രമേ ഇന്ത്യ അംഗീകരിക്കൂവെന്ന് വിദേശ കാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യയും അമേരിക്കയും തമ്മിൽ അടുത്ത മാസം ആറിന് വാഷിങ്ടണിൽ നടത്തുന്ന ചര്ച്ചയിലെ പ്രധാന വിഷയം ഇറാൻ എണ്ണ ഇറക്കുമതിയാകാനുള്ള സാധ്യതയേറി. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ പ്രതിരോധമന്ത്രിമാര് തമ്മിലാണ് ചര്ച്ച.
