ദില്ലി: ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റി(ഇഐയു)ന്റെ ജനാധിപത്യ സൂചികയിൽ ഇന്ത്യ 42-ാം സ്ഥാനത്ത്. കഴിഞ്ഞവർഷം 31-ാം സ്ഥാനത്തായിരുന്നു. യാഥാസ്ഥിതിക മത ആശയങ്ങൾ വൻതോതിൽ സ്വാധീനം ചെലുത്തുന്നതും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുമാണ് ഇന്ത്യയുടെ സ്ഥാനം പിന്നോട്ടാകാൻ കാരണമായി പറയുന്നത്.
നോർവേ ഒന്നാംസ്ഥാനം നിലനിർത്തി. ഐസ്ലാൻഡ് രണ്ടാം സ്ഥാനത്തും സ്വീഡൻ മൂന്നാം സ്ഥാനത്തുമാണ്. ന്യൂസിലൻഡ്, ഡെൻമാർക്ക്, അയർലൻഡ്, കാനഡ, ഓസ്ട്രേലിയ, ഫിൻലൻഡ്, സ്വിറ്റ്സർലൻഡ് എന്നിവയാണു നാലു മുതൽ പത്തു വരെ സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ. ഉത്തര കൊറിയ അവസാനസ്ഥാനത്താണ്(167-ാം സ്ഥാനം). അമേരിക്ക 21-ാം സ്ഥാനത്താണ്.
ന്യൂനതകളുള്ള ജനാധിപത്യ സംവിധാന പട്ടികയിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവർത്തകർ ഏറ്റവും ഭീഷണി നേരിടുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് സൂചിക വ്യക്തമാക്കുന്നു. ഛത്തീസ്ഗഡ്, ജമ്മ-കാഷ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലാണു മാധ്യമപ്രവർത്തകർക്ക് കൂടുതൽ ഭീഷണി നേരിടേണ്ടി വരുന്നത്. മാധ്യമസ്വാതന്ത്ര്യം ഇന്ത്യയിൽ പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും 2017ൽ ഇന്ത്യയിൽ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
165 രാജ്യങ്ങളും രണ്ടു ടെറിട്ടറികളുമാണു പട്ടികയിലുള്ളത്. തെരഞ്ഞെടുപ്പു പ്രക്രിയയും ബഹുസ്വരതയും, പൗരസ്വാതന്ത്ര്യം, ഗവൺമെന്റിന്റെ പ്രവർത്തനം, രാഷ്ട്രീയ പങ്കാളിത്തവും രാഷ്ട്രീയ സംസ്കാരവും എന്നിങ്ങനെ അഞ്ചു മാനദണ്ഡങ്ങളാണു കണക്കിലെടുത്തത്. പാക്കിസ്ഥാൻ(110-ാം സ്ഥാനം, ബംഗ്ലാദേശ്(92), നേപ്പാൾ(94) , ഭൂട്ടാൻ(99) എന്നീ രാജ്യങ്ങൾ സങ്കീർണ ഭരണ സംവിധാനങ്ങളുടെ പട്ടികയിലാണ്. ഏകാധിപത്യ ഭരണകൂടരാജ്യങ്ങളുടെ പട്ടികയിൽ ചൈന(139-ാം സ്ഥാനം), മ്യാൻമർ(120), റഷ്യ(135), വിയറ്റ്നാം(140) എന്നിവ ഉൾപ്പെടുന്നു. സിറിയ 166-ാം സ്ഥാനത്താണ്.
