കശ്മീര്‍: പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ ഓര്‍മിക്കപ്പെട്ടത് 1999ല്‍ ഇന്ത്യയുടെ യാത്രാവിമാനം ഭീകരര്‍ റാഞ്ചിയ സംഭവമാണ്. അന്ന് ജയ്ഷെ ഇ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിനെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് ഭീകരര്‍ ഇന്ത്യന്‍ യാത്രാവിമാനം റാഞ്ചിയത്.

യാത്രക്കാരുടെ ജീവന്‍ വച്ച വിലപേശിയപ്പോള്‍ അന്ന് മസൂദ് അസഹ്റിനെയും ഒപ്പം രണ്ട് ഭീകരരെയും അന്നത്തെ വാജ്പേയ് സര്‍ക്കാരിന് മോചിപ്പിക്കേണ്ടി വന്നു. അന്ന് വിമാനം റാഞ്ചിയ സംഘത്തില്‍ അസ്ഹര്‍ യൂസഫുമുണ്ടായിരുന്നു. പിന്നീട് ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങളുടെയും പിന്നില്‍ ജയ്ഷെയുടെ പങ്ക് വ്യക്തമായിരുന്നു.

പഠാന്‍കോട്ടിലും പുല്‍വാമയിലുമെല്ലാം ഭീകരാക്രമണം നടത്തിയതിന് പിന്നില്‍ മസൂദ് അസ്ഹറിന്‍റെ ഭാര്യാ സഹോദരനായ അസഹ്ര്‍ യൂസഫിന്‍റെ പദ്ധതികളായിരുന്നു. ആ അസ്ഹര്‍ യൂസഫിനെ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് പുലര്‍ച്ചെ നിയന്ത്രണ രേഖ കടന്ന് ബാല്‍ക്കോട്ടില്‍ ആക്രമണം നടത്തിയത്.

ഉസ്താദ് ഖോറി എന്നും അറിയപ്പെടുന്ന അസ്ഹര്‍ ആണ് ബാല്‍ക്കോട്ടിലെ ജയ്ഷെ ക്യാമ്പിന് നേതൃത്വം നല്‍കിയിരുന്നത്. ഇതിനിടെ അസ്ഹറിന്‍റെ അടുത്ത അനുയായി കമ്രാനെ ഇന്ത്യ വധിച്ചതോടെ അസ്ഹര്‍ യൂസഫിന്‍റെ സുരക്ഷും വര്‍ധിപ്പിച്ചിരുന്നു.
ഇന്‍റര്‍പോളിന്‍റെ ലുക്കഔട്ട് നോട്ടീസ് നിലവിലുള്ള അസ്ഹറിന് ഉറദ്ദുവും പാകിസ്ഥാനിയും കൂടാതെ ഹിന്ദിയും സംസാരിക്കാന്‍ അറിയാമായിരുന്നു.

1999ല്‍ ഡിസംബറില്‍ നേപ്പാളില്‍ നിന്നുള്ള വിമാനം കാണ്ഡഹാറില്‍ ഇറക്കുകയായിരുന്നു ഭീകരര്‍ ചെയ്തത്. അന്ന് താലിബാന്‍ സംരക്ഷണവും നല്‍കി. ഇപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലാണ് അന്ന് ഇന്‍റലിജന്‍സ് ബ്യൂറോ തലവന്‍. ഭീകരരുമായി ചര്‍ച്ച നടത്തിയ സംഘത്തെ നയിച്ചതും അദ്ദേഹമായിരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തതായി ഇന്ത്യ വ്യക്തമാക്കി. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസഹ്റിന്‍റെ ഭാര്യാ സഹോദരനും ജയ്ഷെ കമാൻഡറുമായ യൂസുഫ് അസ്ഹര്‍ എന്നിവരുൾപ്പടെ നിരവധി ജയ്ഷെ നേതാക്കളെയും വധിച്ചെന്ന് ഇന്ത്യ അറിയിച്ചിരുന്നു.