Asianet News MalayalamAsianet News Malayalam

സാക്കിർ നായിക്കിനെ മലേഷ്യയില്‍ നിന്ന് വിട്ടുകിട്ടാൻ തീവ്രശ്രമവുമായി ഇന്ത്യ

india to approach malaysian authorities for bringing zakir naik back
Author
First Published Nov 4, 2017, 10:19 AM IST

ദില്ലി: മത പ്രഭാഷകൻ സാക്കിർ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യയുടെ തീവ്രശ്രമം. ഇതിനായി മലേഷ്യയ്ക്ക് ഉടന്‍ അപേക്ഷ നൽകുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും ദിവസങ്ങൾക്കകം കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു. സാക്കിർ നായിക്കിനു മലേഷ്യയിൽ സ്ഥിരതാമസത്തിന് അനുവാദം നൽകിയെന്ന റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണു പുതിയ നീക്കം. 

മലേഷ്യയിൽ നായിക്കിനെതിരെ കേസുകളൊന്നുമില്ലാത്തത് കൊണ്ടാണ് സ്ഥിരതാമസാനുമതി നൽകിയതെന്ന് മലേഷ്യൻ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി അറിയിച്ചിരുന്നു. വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ത്യയിൽ നിന്ന് ഔദ്യോഗികമായി ലഭിക്കാത്ത സാഹചര്യത്തിലാണ് സ്ഥിരതാമസാനുവാദം നൽകാൻ മലേഷ്യ തയാറായതെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സാകിര്‍ നായിക്കിനെതിരെ ഏതാനും ദിവസം മുൻപ് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു. മുംബൈയിലെ പ്രത്യേക കോടതിയിൽ 4000 പേജിലേറെ വരുന്ന കുറ്റപത്രമാണ് കഴിഞ്ഞ മാസം എൻ.ഐ.എ സമർപ്പിച്ചത്. അന്വേഷണ ഏജൻസിയുടെ ആവശ്യപ്രകാരം സാകിര്‍ നായിക്കിന്റെ പാസ്പോർട്ടും വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. സാകിര്‍ നായിക്കിനെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിട്ടുണ്ട്.

സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളാണു തങ്ങളെ ഭീകരപ്രവർത്തനങ്ങൾക്കു പ്രേരിപ്പിച്ചതെന്നു ബംഗ്ലദേശിലെ ധാക്കയിൽ 2016 ജൂലൈയിൽ സ്ഫോടനം നടത്തിയ ഭീകരർ സമ്മതിച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് അന്വേഷിക്കുന്നതിനിടെ 2016 ജൂലൈയിലാണ് സാകിര്‍ നായിക് ഇന്ത്യ വിട്ടത്. 

Follow Us:
Download App:
  • android
  • ios