Asianet News MalayalamAsianet News Malayalam

ഇന്ത്യ 20000 ടണ്‍ കറന്‍സി പേപ്പര്‍ ഇറക്കുമതി ചെയ്യും

India to import 20 k tonnes currecny papers
Author
First Published Dec 12, 2016, 8:32 AM IST

ദില്ലി: കറന്‍സികള്‍ അച്ചടിക്കാനുള്ള 20,000 ടണ്‍ പേപ്പര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.  നോട്ട് അസാധുവാക്കിയതിന് ശേഷം 13.23 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തി. ഇതിനിടെ ബാങ്കുകളില്‍ ക്രമക്കേട് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്രധനമന്ത്രാലയം നേരിട്ട് രഹസ്യക്യാമറ ഓപ്പറേഷന്‍ നടത്തി.

നോട്ട് അസാധുവാക്കിയ സമയത്ത് വിപണിയില്‍ ആകെ 15.5 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകളാണ് ഉണ്ടായിരുന്നത്. 13.23 ലക്ഷം കോടി രൂപ ഇതുവരെ ബാങ്കുകളില്‍ തിരിച്ചെത്തി. ഇനി രണ്ടര ലക്ഷം കോടി രൂപ കൂടി മടങ്ങിയെത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അഞ്ചു ലക്ഷം കോടി രൂപ മാത്രമാണ് പുതുതായി അച്ചടിച്ചത്. ആകെയുണ്ടായിരുന്ന കറന്‍സിയില്‍ മൂന്നിലൊന്ന് മാത്രം ഇടപാടിനെത്തിയത് പ്രതിസന്ധി രൂക്ഷമാക്കിയ സാഹചര്യത്തിലാണ് കറന്‍സി അച്ചടിക്കാനുള്ള പേപ്പര്‍ കൂടുതലായി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. റിസര്‍വ്വ് ബാങ്ക് തന്നെയാണ് നോട്ടച്ചടിക്കാനുള്ള പേപ്പറും നിര്‍മ്മിക്കുന്നത്. സാധാരണഗതിയില്‍ അടുത്ത വര്‍ഷം വരെയുള്ള പേപ്പര്‍ സ്‌റ്റോക്കുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ ആവശ്യത്തിന് പണമില്ലാത്ത അവസ്ഥ കണക്കിലെടുത്താണ് കറന്‍സി പേപ്പര്‍ ഇറക്കുമതി ചെയ്യാന്‍  തീരുമാനം. സ്വിറ്റ്സര്‍ലണ്ട്, പോളണ്ട്, ഫ്രാന്‍സ്, റഷ്യ, ജര്‍മ്മനി എന്നിവടങ്ങളില്‍ നിന്നാണ് ഭാരതീയ റിസര്‍വ്വ് ബാങ്ക് മുദ്രാണ്‍ ലിമിറ്റഡ് പേപ്പര്‍ ഇറക്കുമതി ചെയ്യുന്നത്. ഇതിനിടെ ബാങ്കുകളില്‍ ക്രമക്കേട് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്രധനമന്ത്രാല ഉദ്യോഗസ്ഥന്‍ രാജ്യത്തെ 400 ബാങ്ക് ശാഖകളില്‍ രഹസ്യക്യാമറ ഉപയോഗിച്ച് പരിശോധന നടത്തി. ഇങ്ങനെ ലഭിച്ച 500 സിഡികള്‍ പരിശോധിച്ച് വരുകയാണെന്നും ക്രമക്കേട് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios