ദോഹ: ഖത്തറിൽ മൂന്നിടങ്ങളിലായി കോൺസുലാർ സർവീസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി പി.കുമരൻ അറിയിച്ചു. ഹിലാൽ, അൽഖോർ , വ്യവസായ മേഖല എന്നിവിടങ്ങളിലാണ് സ്വകാര്യ ഏജൻസിയുടെ കീഴിൽ കോൺസുലാർ സേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. പുതിയ കേന്ദ്രങ്ങൾ നാലു മാസത്തിനകം പ്രവർത്തനം ആരംഭിക്കും.

പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള മുഴുവൻ കോൺസുലാർ സേവനങ്ങളും സ്വകാര്യ ഏജൻസി വഴിയാക്കാനുള്ള തീരുമാനം ഇന്ത്യൻ അംബാസിഡർ പി.കുമരൻ ഈയിടെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനായി പരിചയ സമ്പന്നരായ ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചതിനെ തുടർന്ന് മറ്റ് നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇത് പ്രാവർത്തികമായാൽ ദോഹയിൽ നിന്നും വളരെ ദൂരെ കിടക്കുന്ന പ്രദേശങ്ങളിൽ നിന്നും വെസ്റ്റ് ബേയിലുള്ള എംബസിയിലെത്തി കാര്യങ്ങൾ നിർവഹിക്കുന്നതിന് പകരം സാധാരണ തൊഴിലാളികൾക്ക് കാര്യങ്ങൾ കുറേകൂടി എളുപ്പമാവും.

ചെറിയ സർവീസ് ചാർജ് നൽകേണ്ടി വരുമെങ്കിലും യാത്രാ ദൂരവും ടാക്സി നിരക്കും പരിഗണിക്കുമ്പോൾ ഇതു വലിയ ബുദ്ധിമുട്ടാവില്ലെന്നാണ് വിലയിരുത്തൽ. അതേസമയം പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള എംബസിയിൽ നിന്നും സേവനങ്ങൾ മൂന്നു കേന്ദ്രങ്ങളിലായി വിഭജിക്കപ്പെടുന്നതോടെ നിലവിലെ തിരക്ക് കുറക്കാനും കഴിയും. സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സേവനകേന്ദ്രങ്ങൾ തുടങ്ങാനുള്ള പ്രദേശങ്ങൾ കണ്ടെത്തിയതെന്നും അംബാസിഡർ വിശദീകരിച്ചു. ദോഹയുടെ കേന്ദ്ര പ്രദേശം എന്ന നിലയിലാണ് ഹിലാൽ പരിഗണിക്കുന്നത്.

സാധാരണ തൊഴിലാളികൾ ഏറ്റവുമധികം താമസിക്കുന്ന പ്രദേശമായതു കൊണ്ട് വ്യവസായ മേഖലയിൽ സേവന കേന്ദ്രം ആരംഭിക്കുന്നത്. പെട്രോൾ കെമിക്കൽ ഇൻഡസ്ട്രിയുടെ ആസ്ഥാനമെന്ന നിലയിലും ദോഹയിൽ നിന്നും വളരെ അകലെ കിടക്കുന്ന പ്രദേശം എന്ന നിലക്കുമാണ് അൽ ഖോർ പരിഗണിക്കുന്നത്. പഠന റിപ്പോർട്ടിൽ പരിഗണിക്കുന്നില്ലെങ്കിലും മിസൈദിൽ കൂടി കേന്ദ്രം ആരംഭിക്കണമെന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ടെന്നും അംബാസിഡർ പറഞ്ഞു.

അതേസമയം, പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചാലും പവർ ഓഫ് അറ്റോണി ഉൾപ്പെടെയുള്ള ചില പ്രത്യേക സേവനങ്ങൾക്ക് എംബസിയെ തന്നെ സമീപിക്കേണ്ടി വരും. പുതിയ സേവന കേന്ദ്രങ്ങൾ തുറക്കുന്നതോടെ എംബസി സേവനങ്ങളുമായി ബന്ധപ്പെട്ട് ഖത്തറിലെ ഇന്ത്യൻ സമൂഹം  ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.