ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ മുന്‍കൈയ്യെടുത്ത് സിഖ്കാരെ മതം മാറ്റുന്ന സംഭവത്തില്‍ ഇന്ത്യ ഇടപെടുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പാകിസ്ഥാനിലെ ഹാങു ജില്ലയില്‍ സിഖുകാരെ നിര്‍ബന്ധിച്ച് മതം മാറ്റുന്ന കാര്യം പാകിസ്ഥാന്‍ ഭരണകൂടത്തിന് മുന്നില്‍ ഉന്നയിക്കുമെന്നാണ് സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചത്. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഔദ്ദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ സുഷമ സ്വരാജ് തന്റെ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.
പാക്കിസ്ഥാനില്‍ സിഖ് മതസ്ഥരെ ഇസ്ലാമിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്രം ഇടപെണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സിഖ് വിഭാഗക്കാര്‍ മതംമാറ്റത്തിന് ഇരകളാകുന്നത് അംഗീകരിക്കാനാകില്ലെന്നും സിഖുകാരെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വിദേശകാര്യമന്ത്രാലയം ഇത് പാക്കിസ്ഥാന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നായിരുന്നു ആവശ്യം.
പാക്കിസ്ഥാനില്‍ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ഹാങ്ഖു ജില്ലയില്‍ സിഖുകാരെ മതംമാറ്റാന്‍ ശ്രമം നടക്കുന്നതായാണ് പരാതി ഉയരുന്നത്. അസിസ്റ്റന്റ് കമ്മീഷ്ണര്‍ ടാല്‍ യാക്യൂബ് ഖാനെതിരെയാണ് ആരോപണം ഉയരുന്നത്. ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായാണ് ആരോപണം.
