ദില്ലി: ജനതാദള്‍ നേതാവ് എം.പി വീരേന്ദ്രകുമാറിന്റെ ചിത്രം നല്‍കി, ഇന്ത്യ ടുഡേ ടി വി യില്‍ മന്ത്രി സഭാ പുനസംഘടന ചര്‍ച്ച. മോഡി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന പൂര്‍ത്തിയായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇന്ത്യാ ടുഡെയില്‍ രാത്രി ചര്‍ച്ച അരങ്ങേറിയത്. നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്ന ഒമ്പത് മന്ത്രിമാരുടെയും ചിത്രങ്ങള്‍ കൊടുത്തുകൊണ്ട് മോഡി മിഷന്‍ 2019, നയണ്‍ ന്യു ഫേസസ് എന്ന ബ്രേക്കിങ്ങുകളോടെയാണ് ഇന്ത്യാ ടുഡെയില്‍ ചര്‍ച്ച അരങ്ങേറിയത്. 

പുതിയ മന്ത്രിമാരുടെ ചിത്രങ്ങള്‍ കാണിക്കുന്ന കൂട്ടത്തിലാണ് ജെഡിയു കേരളഘടകം അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാറിനെ ഇന്ത്യാടുഡെ മന്ത്രിയാക്കിയത്. നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്ന കൂട്ടത്തില്‍ മധ്യപ്രദേശില്‍ നിന്നുളള എംപിയായ ഡോ. വീരേന്ദ്രകുമാറുമുണ്ട്. ഈ വീരേന്ദ്രകുമാറിന് പകരമാണ് കടുത്ത സംഘപരിവാര്‍ വിരുദ്ധന്‍ കൂടിയായ കേരളത്തിലെ വീരേന്ദ്രകുമാറിന്‍റെ ചിത്രം ചര്‍ച്ചയില്‍ ഉടനീളം ഇന്ത്യാടുഡെ ഉപയോഗിച്ചത്.