പുതിയ സർക്കാർ വന്നാലും മോദി തല്‍ക്കാലം വൻ നീക്കങ്ങൾക്ക് മുതിരാൻ സാധ്യതയില്ല.
ദില്ലി: പാകിസ്ഥാനിലെ പുതിയ സർക്കാർ ആരുടേതെന്ന് ഇന്ത്യയും കാത്തിരിക്കുകയാണ്. ആര് അധികാരത്തില്‍ വന്നാലും അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിനു മുമ്പ് ബന്ധത്തിൽ കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നില്ല. സൈന്യത്തിന് നിർണ്ണായക സ്വാധീനമുള്ള സർക്കാർ വരുന്നത് നരേന്ദ്രമോദിക്ക് അവസാന വർഷം തലവേദനയാകും
പാകിസ്ഥാനിലെ ഈ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ വലിയ ശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ പാകിസ്ഥാൻ പ്രചരണത്തിൽ ഇന്ത്യ പ്രധാന വിഷയങ്ങളിൽ ഒന്നു തന്നെയായിരുന്നു. നരേന്ദ്രമോദിയുടെ സുഹൃത്താണ് നവാസ് ഷെരീഫ് എന്നതായിരുന്ന പിടിഐ നേതാവ് ഇമ്രാൻ ഖാൻ പ്രചരണത്തിൽ ഉടനീളം ഉന്നയിച്ച ആയുധം. ബിസിനസ് താല്പര്യം സംരക്ഷിക്കാൻ ഷെരീഫ് മോദിക്കൊപ്പം നിലക്കുന്നു എന്ന ആരോപണവും. കഴിഞ്ഞ നാലു വർഷത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ മോദി, പാകിസ്ഥാനുമായുള്ള നയത്തിൽ നടത്തി. ആദ്യം താൻ ചുമതലയേല്ക്കുന്നത് കാണാൻ നവാസ് ഷെരീഫിനെ ക്ഷണിച്ചു. സൈന്യത്തിന്റെ എതിർപ്പ് മറികടന്ന് ഷെരീഫ് വന്നു.
പിന്നീട് അപ്രതീക്ഷിത യാത്രയിലൂടെ നവാസ് ഷെരീഫിൻറെ ലാഹോറിലെ വീട്ടിലെത്തിയ വിവാഹ നയതന്ത്രം. പത്താൻകോട്ടും ഉറിയും പാക് സൈന്യം മോദിക്കും ഷെരീഫിനും നല്കിയ മറുപടിയായിരുന്നു. അതിർത്തി കടന്നുള്ള മിന്നലാക്രമണം വൻ തിരിച്ചടിയായെങ്കിലും പരസ്യമായി ഇത് അംഗീകരിക്കാതെ മുഖം രക്ഷിച്ചു. എന്നാൽ കശ്മീരിൽ പാകിസ്ഥാൻ ഭീകരർക്ക് എല്ലാ സഹായവും നല്കുന്നു. നുഴഞ്ഞുകയറ്റം കൂടുന്നു. പുതിയ സർക്കാർ വന്നാലും മോദി തല്‍ക്കാലം വൻ നീക്കങ്ങൾക്ക് മുതിരാൻ സാധ്യതയില്ല. കുൽഭൂഷൺ ജാദവിനെ ചൊല്ലിയുള്ള തർക്കം ഇപ്പോൾ രാജ്യാന്തര നീതിന്യായ കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് വരെ ഇത് നീട്ടിക്കൊണ്ടു പോകാനാവും നരേന്ദ്ര മോദിയുടെയും ശ്രമം.
