കിം - ട്രംപ് കൂടിക്കാഴ്ച തീരുമാനങ്ങളെ സ്വാഗതം ചെയ്ത് ഇന്ത്യ
ദില്ലി: വടക്കൻ കൊറിയൻ നേതാവ് കിം ജോങ് ഉന്നും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും സമ്പൂർണ്ണ നിരായുധീകരണത്തിന് ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ഇന്ത്യ. മേഖലയുടെ പുരോഗതിക്കും ലോക സമാധാനത്തിനും ഇരു നേതാക്കൾക്കും ഇടയിലെ ചർച്ചയിലുണ്ടാക്കിയ ധാരണകൾ സഹായിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.
സിംഗപ്പൂരിലെ ഈ കാഴ്ചകളെ ഇന്ത്യയും പ്രതീക്ഷയോടെയാണ് കാണുന്നത്. ഇരു കൊറിയകളും തമ്മിൽ മഞ്ഞുരുകാൻ നടന്ന ശ്രങ്ങളെ നേരത്തെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. ചർച്ചകൾ വിജയകരമായിരുന്നു എന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം പ്രതീക്ഷിച്ചതിനും അപ്പുറമാണെന്ന് ഇന്ത്യ കരുതുന്നു.
വടക്കൻ കൊറിയയുടെ നിരായൂധീകരണം എന്ന നിർദ്ദേശത്തെ ഇന്ത്യ എന്നും പിന്തുണച്ചിരുന്നു. ഒരു കാലത്ത് പാകിസ്ഥാനും വടക്കൻ കൊറിയയ്ക്കും ഇടയിലെ അവിശുദ്ധ ബന്ധം പോലും ഇന്ത്യ ആരോപിച്ചിരുന്നു. എന്നും ചൈനീസ് നിയന്ത്രണത്തിലായിരുന്നു വടക്കൻ കൊറിയ, ആ ചട്ടക്കൂടിന് പുറത്തേക്ക് വരുന്നതും ഇന്ത്യയ്ക്ക് നല്ല സൂചനയാണ്. അതിനാൽ മാറുന്ന സാഹചര്യം പ്രയോജനപ്പെടുത്താൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം.
വിദേശകാര്യസഹമന്ത്രി വികെ സിംഗിനെ വടക്കൻ കൊറിയയിലേക്ക് അയച്ച് ഇന്ത്യ ആ രാജ്യവുമായി ഇടപെടാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു. തെക്കൻ കൊറിയയുമായി എന്നും നല്ല ബന്ധം പുലർത്തിയ പ്രസിഡൻറ് ഇന്ത്യ മൂണ ജേ ഇന്നിനെ ഉടൻ വരവേല്ക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ഇരു കൊറിയകളിലും നടക്കുന്ന ഈ മാറ്റങ്ങളിൽ മാറി നില്ക്കേണ്ടതില്ല എന്നു തന്നെയാണ് ദില്ലിയുടെ തീരുമാനം.
ചർച്ചകൾ ഏഷ്യയുടെ സ്ഥിരതയ്ക്കും ലോകസമാധാനത്തിനും സഹായകരമാകുമെന്ന് സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ജാവേദ് അഷ്റഫ് പ്രതികരിച്ചു. എന്നും വടക്കൻ കൊറിയയ്ക്ക് വേണ്ടി വാദിച്ച ഇടതു പാർട്ടികളും ഇന്തോ കൊറിയൻ സൗഹൃദ സംഘടനയും അതേ സമയം കരുതലോടെയാണ് ചർച്ചകളോട് പ്രതികരിക്കുന്നത്.
