ദില്ലി: പാകിസ്ഥാന് മുന്നറിയിപ്പുമായി വീണ്ടും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ശത്രുക്കൾ പ്രകോപിപ്പിച്ചാൽ കണ്ണ് ചൂഴ്ന്നെടുക്കാൻ മടിക്കില്ലെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞു. കൊല്ലപ്പെടുന്ന ഓരോ പാകിസ്ഥാൻ സൈനികര്‍ക്കും പകരം മൂന്ന് ഇന്ത്യൻ സൈനികരുടെ ജീവനെടുക്കുമെന്ന് പറഞ്ഞ പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് മറുപടിയായാണ് പ്രതിരോധമനന്ത്രി മനോഹര്‍ പരീക്കറിന്റെ മുന്നറിയിപ്പ്.

യുദ്ധമുണ്ടാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും പ്രകോപിപ്പിച്ചാൽ ശത്രുക്കളുടെ കണ്ണ് ചൂഴ്ന്നെടുക്കാൻ മടിക്കില്ലെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. പാകിസ്ഥാൻ ഒരു തവണ വെടിവച്ചാൽ ഇന്ത്യ രണ്ടുതവണ തിരിച്ചടി നൽകുമെന്നും പ്രതിരോധമനന്ത്രി മുന്നറിയിപ്പ് നൽകി.എന്നാൽ  ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശങ്ങളെ കുറിച്ച് നന്നായി അറിവുള്ള പാകിസ്ഥാന്റെ പുതിയ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‍വയുടെ നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് മുൻ കരസേനാ മേധാവി ബിക്രം സിംഗ് പറഞ്ഞു.

ഇന്ത്യയുമായുള്ള വിഷയങ്ങളേക്കാൾ സ്വന്തം രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങൾ അവസാനിപ്പിക്കാനാകും ബജ്‍വ ശ്രമിക്കുക. കോംഗോയിൽ യു.എൻ ദൗത്യത്തിനു വേണ്ടി തന്നോടൊപ്പം പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്​  ബജ്​വ. മികച്ച പ്രകടനം കാഴ്​ചവെച്ച ശക്തനായ ഉദ്യോഗസ്ഥനായ ബജ്‍വയുടെ നീക്കങ്ങൾ നേരിടാൻ ഇന്ത്യ കരുതിയിരിക്കണമെന്നും ബിക്രം​ സിംഗ് പറഞ്ഞു. റഹീൽ ഷെരീഫിന്‍റെ പിൻഗാമിയായി മറ്റന്നാളാണ് ഖമര്‍ ജാവേദ് ബജ്‍വ സേനാമേധാവിയായി സ്ഥാനമേൽക്കുന്നത്.