കശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുറിവ് ഉണങ്ങും മുമ്പ് അതിര്‍ത്തി കടന്ന് തിരിച്ചടിച്ച് ഇന്ത്യ.  ഇന്ന് പൂലർച്ചെ 3.30നാണ് വ്യോമസേന ആക്രമണം നടത്തിയത്. ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും വ്യോമസേന വൃത്തങ്ങൾ എഎൻഐ ന്യൂസ് ഏജൻസിയോടാണ് തിരിച്ചടിയുടെ വിവരം വെളിപ്പെടുത്തിയത്.

നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ബാലാകോട്ട് സെക്ടറിലെ ഭീകരരുടെ ക്യാമ്പ് പൂര്‍ണമായി തകര്‍ന്നു. മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 1,000 കിലോ ബോംബുകളാണ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്.

ഇന്ത്യൻ സമയം 3.30 ന് ഇന്ത്യൻ സൈന്യം പാക് അധീന കാശ്മീരിലെ ചില ഭീകരക്യാമ്പുകൾ തകർത്തു എന്നാണ് ഇന്ത്യൻ വ്യോമസേനയെ ഉദ്ദരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ഇന്ത്യൻ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചെന്ന് പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.