ദില്ലി: അതിര്‍ത്തിയിലും കശ്‌മീരിലും എന്തു അടിയന്തരസാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് പ്രതിരോധവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഏതുതരം സുരക്ഷാവെല്ലുവിളിയും നേരിടാന്‍ സൈന്യം തയ്യാറാണ്. പാകിസ്ഥാനിലെ ആഭ്യന്തരപ്രശ്‌നം മറച്ചുവെക്കാനാണ് അതിര്‍ത്തിയിലും കശ്‌മീരിലും സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നത്. ഇതിലൂടെ കശ്‌മീര്‍ വിഷയം സജീവ ചര്‍ച്ചയാക്കി, ആഭ്യന്തരപ്രശ്‌നം മറയ്‌ക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു. അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള സേനാംഗങ്ങളെല്ലാം എന്ത് അടിയന്തരസാഹചര്യവും നേരിടാന്‍ സജ്ജമാണ്. നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനും നിതാന്തജാഗ്രതയാണ് സൈന്യം പുലര്‍ത്തുന്നത്. ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയതിനു തക്കതായ മറുപടി നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറായിക്കോളുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു. സമാധാന നടപടികള്‍ക്ക് ഇന്ത്യ മുന്‍കൈ എടുക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയായിരുന്നു. എന്നാല്‍ പത്താന്‍കോട്ട്, ഉറി സൈനികകേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങള്‍ എല്ലാ സമാധാനശ്രമങ്ങളും തകര്‍ത്തുകളഞ്ഞുവെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു.