ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ, നുഴഞ്ഞുകയറ്റ ശ്രമം തകർത്തു 5 ഭീകരരെ കൊന്നു, ആയുധങ്ങൾ പിടിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. കുപ്‍വാരയിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. നഗരങ്ങളിൽ ഭീകരാക്രമണം നടത്താൻ ജമ്മുകശ്മീര്‍ അതിര്‍ത്തിയിലൂടെ ഭീകരര്‍ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തിയിൽ സൈന്യം തെരച്ചിൽ നടത്തിയത്. 

കുപ്‍വാരയിലെ കേരാൻ മേഖലയിൽ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ട സൈന്യം ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നതോടെ ഏറ്റുമുട്ടലിലൂടെ ഭീകരരെ വകവരുത്തി. ബിഎസ്എഫും സൈനിക നടപടിയിൽ പങ്കെടുത്തു. ഭീകരരിൽ നിന്ന് തോക്കും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. കൂടുതൽ സൈനികര്‍ കേരാൻ മേഖലയിലേക്ക് എത്തി തെരച്ചിൽ ശക്തമാക്കി. 

റംസാനിൽ സൈനിക നടപടികൾക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം പ്രഖ്യാപിച്ചിട്ടും അതിര്‍ത്തിയിലും ജമ്മുകശ്മീരിലും സംഘര്‍ഷം തുടരുകയാണെന്നതിന്‍റെ ഒടുവിലത്തെ ഉദാഹരമാണ് കേരാൻ സെക്ടറിലെ ഏറ്റുമുട്ടൽ. നാല് ദിവസം മുൻപ് കുപ്വാരയിലെ മാച്ചിൽ മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ സന്ദര്‍ശനത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് അതിര്‍ത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്