മോദി മൗനി ബാബയെന്ന് പരിഹസിച്ച് ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൗനി ബാബയെന്ന് വിളിച്ച് ശിവസേന. വിദേശത്താകുമ്പോള്‍ മാത്രമാണ് മോദി ആഭ്യന്തര വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നതെന്നും ശിവസേന പരിഹസിച്ചു. രാജ്യത്തിന്‍റെ തലസ്ഥാനം ദില്ലിയില്‍നിന്ന് ലണ്ടനിലേക്കോ ന്യൂയോര്‍ക്കിലേക്കോ ടോക്കിയയിലേക്കോ അല്ലെങ്കില്‍ പാരിസ് തുടങ്ങിയ ഏതെങ്കിലും വിദേശത്തേക്ക് മാറ്റണമെന്നും ശിവസേനയുടെ മുഖപത്രമായ സാംനയിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. 

മോദിയുടെ മൗനം കുറ്റകരമാണെന്ന മന്‍മോഹഗന്‍ സിംഗിന്‍റെ വാക്കുകള്‍ പകുതി സത്യമാണ്. അത് മുഴുവന്‍ ജനതയുടേയും വികാരമാണെന്നും ലേഖനത്തില്‍ പറയുന്നു. വിദേശത്തെത്തുമ്പോള്‍ സംസാരിക്കുന്ന മോദി എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ സംസാരിക്കുന്നേ ഇല്ല. സംസാരിക്കണമെന്ന് അദ്ദേഹം അലോചിക്കുന്നുമില്ല. എന്തെങ്കിലും പറയണമെങ്കില്‍ അദ്ദേഹം വിദേശത്തേക്ക് പോകുകയാണെന്നും ശിവസേന. ഇന്ത്യയില്‍ നടക്കുന്ന ബലാത്സംഗത്തെ കുറിച്ച് മോദി സംസാരിക്കുന്നത് വിദേശത്ത് വച്ചാണ്. അനീതിയോട് പ്രതികരിക്കണമെന്ന് അദ്ദേഹത്തിനുണ്ട്. എന്നാല്‍ അത് പുറത്ത് വരുന്നത് വിദേശത്തെത്തുമ്പോള്‍ മാത്രമാണെന്നും സാംനയിലെ ലേഖനം പറയുന്നു.