ഇന്ത്യന്‍ കോഫി ഹൗസുകളില്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനി മാത്രം മതിയെന്ന് സര്‍ക്കുലര്‍. മറ്റ് പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വിലക്കിക്കൊണ്ട് അഡ്മിനിസ്‍ട്രേറ്റര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

ഇന്ത്യന്‍ കോഫി ഹൗസ്സുകളെ നിയന്ത്രിക്കുന്ന ഇന്ത്യ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി അഡ്മിനിസ്‍ട്രേറ്ററുടേതാണ് വിവാദ സര്‍ക്കുലര്‍. സൊസൈറ്റിക്ക് കീഴിലുള്ള കോഫി ഹൗസ് ശാഖകളില്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനി ഒഴികെ മറ്റ് പ്രസിദ്ധീകരണങ്ങള്‍ വാങ്ങുകയോ വില്‍പ്പന നടത്തുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ മറ്റ് പത്രങ്ങളും അവരുടെ പ്രസിദ്ധീകരണങ്ങളുടേയും വില്പന പാടില്ലെന്നും പറയുന്നു. മേയ് മാസം മുതല്‍ സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. 

തീരുമാനത്തിനെതിരെ കോഫി ഹൗസിലെ കോണ്‍ഗ്രസ് അനുകൂല സംഘടന രംഗത്തെത്തി. 58 ശാഖകളില്‍ പ്രസിദ്ധീകരണങ്ങളുടെ വില്പന വഴി ഒരു മാസം ഒന്നരം ലക്ഷം രൂപ ലഭിച്ചിരുന്നു. തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് ഇതിന്റെ വിഹിതം നീക്കിവെക്കാറുണ്ട്. പുതിയ സര്‍ക്കുലര്‍ കാരണം ഈ വരുമാനം നിലക്കുമെന്നാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പരാതി. അതേ സമയം സര്‍ക്കുലര്‍ ഇറക്കാനുള്ള സാഹചര്യത്തെ കുറിച്ച് അഡ്മിനിസ്‍ട്രേറ്റര്‍ കൃത്യമായി വിശദീകരിക്കുന്നില്ല.