മടങ്ങാനാഗ്രഹിക്കുന്ന തൊഴിലാളികളഉടെ പട്ടിക തൊഴില്‍ വകുപ്പ് പാസ്പോര്‍ട്ട് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഈ തൊഴിലാളികളുടെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള കേസോ മറ്റ് ബാധ്യതകളോ നിലവിലുണ്ടോയെന്ന് ഇനി പാസ്പോര്‍ട്ട് വിഭാഗം പരിശോധിക്കും. ഇതിന് ശേഷമായിരിക്കും ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് അനുവദിക്കുന്നത്. തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന കമ്പനികളില്‍ നിന്ന് ഇവരുടെ പാസ്പോര്‍ട്ട് കരസ്ഥമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തുന്നത്. ഔട്ട് പാസ് ആവശ്യമില്ലാതെ പരമാവധി ആളുകളെ നാട്ടിലെത്തിക്കാനാണ് കോണ്‍സുലേറ്റ് ലക്ഷ്യമിടുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ കണക്കനുസരിച്ച് ജിദ്ദയില്‍ മാത്രം 2153 ഇന്ത്യന്‍ തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട് കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതില്‍ 600 തൊഴിലാളികള്‍ നേരത്തേ നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ 300ഓളം പേര്‍ മാത്രമാണ് ഇതിന് തയ്യാറായിരിക്കുന്നത്. സുരക്ഷയടക്കമുള്ള കാര്യങ്ങളില്‍ സൗദി തൊഴില്‍ മന്ത്രാലയം ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ് മറ്റ് തൊഴിലാളികള്‍ തത്ക്കാലം നാട്ടിലേക്ക് മടങ്ങേണ്ടെന്ന് തീരുമാനിച്ചത്. കമ്പനി മാറുന്നതിന് മുന്നോടിയായി മറ്റ് ജോലികള്‍ ചെയ്യാന്‍ മൂന്ന് മാസത്തേക്ക് താത്കാലിക വര്‍ക്ക് പെര്‍മിറ്റ് നല്‍കാനും സൗദി തീരുമാനിച്ചിരുന്നു. ഇഖാമ ഇല്ലാത്തതിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് കൂടി പൊലീസ് അറിയിച്ചതോടെ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം പലരും പിന്‍വലിക്കുകയായിരുന്നു. റിയാദില്‍ നിന്നുള്ള തൊഴിലാളികളുടെ കണക്കെടുപ്പ് തുടരുകയാണ്.