പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സൗദിയിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇന്ത്യക്കാരുടെ കൂട്ടായ്മകളോട് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ്‌ നിര്‍ദേശിച്ചു. പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പങ്കെടുക്കുന്നവരില്‍ നിന്ന് പ്രവേശന ഫീസ്‌ ഈടാക്കുന്നതിനും ലോക്കല്‍ അതോറിറ്റിയുടെ അനുമതി ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കോണ്‍സുലേറ്റില്‍ സംഘടിപ്പിച്ച സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ നിന്നും സെലിബ്രിറ്റികളെ കൊണ്ട് വരുമ്പോള്‍ അക്കാര്യം മുന്‍കൂട്ടി കോണ്‍സുലേറ്റിനെ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പാസ്‌പോര്‍ട്ട്‌ സംബന്ധമായ പ്രശ്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നതിനായി കോണ്‍സുലേറ്റില്‍ ഓപ്പന്‍ ഹൗസ് സംഘടിപ്പിക്കും. പല സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചു വിടുന്ന സാഹചര്യത്തില്‍ തൊഴിലവസരങ്ങള്‍ ഉള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴില്‍ മേള സംഘടിപ്പിക്കുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഇന്ത്യക്കാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംഘടനാ പ്രതിനിധികള്‍ കോണ്‍സുലേറ്റിനെ ധരിപ്പിച്ചു.