ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവത്തിനു പ്രൗഡമായ തുടക്കം. കേരളത്തിന്‍റെ പാരമ്പര്യ കലകളും പ്രദര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്ന മേളയിലേക്ക് ആദ്യ ദിവസം തന്നെ ആയിരങ്ങള്‍ ഒഴുകിയെത്തി. കേരളത്തിന്‍റെ തനത് സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന കലാ പരിപാടികളും പ്രദര്‍ശനങ്ങളും കൊണ്ട് സമ്പന്നമാണ് ഇപ്പോള്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്.
സ്വതന്ത്ര ഇന്ത്യയുടെ എഴുപതാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി കോണ്‍സുലേറ്റിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരളോത്സവത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വര്‍ണക്കുടകളും താലപ്പൊലിയുമേന്തിയുള്ള ചെറു ഘോഷയാത്രയോടെയായിരുന്നു തുടക്കം. അമ്പതോളം സ്ത്രീകള്‍ അണിനിരന്ന തിരിവാതിരയായിരുന്നു മേളയുടെ ഒരു ആകര്‍ഷണം.
കൂടാതെ വേദിയില്‍ അവതരിപ്പിച്ച കേരളീയ കലകളുടെ വൈവിധ്യങ്ങള്‍ സദസ്സ് ഇരുകയ്യും നീട്ടി സ്വീകരിച്ചു. കേരളീയ വിഭവങ്ങള്‍ ഒരുക്കി തട്ടുകടകള്‍. കേരളത്തിന്‍റെ ദൃശ്യഭംഗി പകര്‍ത്തിയ ചിത്രപ്രദര്‍ശനം. കളരിപ്പയറ്റ്. ഹൌസ്ബോട്ട്, ആര്‍ക്കും പാട്ട് പാടാന്‍ അവസരം നല്‍കി ലൈവ് ഓര്‍ക്കസ്ട്ര.
അങ്ങിനെ മലയാളികള്‍ക്ക് കാണാനും അനുഭവിക്കാനും പലതുമുണ്ട് ഈ മേളയില്‍. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് മേള ഉദ്ഘാടനം ചെയ്തു. ആലുങ്ങല്‍ മുഹമ്മദ് മുഖ്യാതിഥി ആയിരുന്നു. രണ്ട് ദിവസത്തെ കേരളോത്സവം സമാപിച്ചു.
