വിശുദ്ധ കഅ്ബക്ക് മുകളില്‍ ശിവ വിഗ്രഹം സ്ഥാപിച്ചു കൊണ്ടുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതിനാണ് ശങ്കര്‍ പോന്നം എന്ന ഇന്ത്യക്കാരന്‍ റിയാദില്‍ അറസ്റ്റിലായത്. തെലുങ്കാനയിലെ ജഗ്തിയാലില്‍ നിന്നുള്ള ഇയാള്‍ റിയാദിലിലെ മജ്മ തുമൈറില്‍ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ്. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രം ഇക്കഴിഞ്ഞ പതിനൊന്നാം തിയ്യതിയാണ് ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതോടെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണ വിധേയമായി ശങ്കറിനെ അറസ്റ്റ് ചെയ്തത്. റിയാദിലെ കൃഷി തോട്ടത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. ആന്റി സൈബര്‍ ക്രൈം നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. തെളിവിനായി ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലാണ്. തുടര്‍ നടപടിക്കായി കേസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ്‌ പബ്ലിക്‌ പ്രോസിക്യൂഷന് കൈമാറി. അതേസമയം ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിലര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.