കെയ്റോ: ഭൂമി കയ്യേറ്റം വന്‍ വിവാദമായി കത്തുമ്പോള്‍ മറ്റൊരു രാജ്യത്തിന്‍റെ അതിര്‍ത്തി തന്നെ കയ്യേറി ഇന്ത്യന്‍ യുവാവ്. ആളില്ലാത്ത ഒരു പ്രദേശം കയ്യേറി സ്വയം പ്രഖ്യാപിത രാജാവായി മാറിയിരിക്കുകയാണ് സുയാഷ് ഡിക്ഷിത് എന്ന ഇന്‍ഡോര്‍ സ്വദേശി. മരുഭൂമിയുടെ നടുവിലുള്ള ബിര്‍-തവാലി എന്ന ഈ സ്ഥലം ഒരു രാജ്യവും അവകാശ വാദം ഉന്നയിക്കാത്തതാണ്. 

ഈജിപ്തിന്റെയും സുഡാന്‍റെയും ഇടയിലുള്ള 800 സ്‌ക്വയര്‍ മൈല്‍ വിസ്തീര്‍ണ്ണമുള്ള ചെറിയ പ്രദേശമാണ് ബിര്‍ തവാലി. ഇരുരാജ്യങ്ങളും അവകാശ വാദം ഉന്നയിക്കാത്തതുകൊണ്ടാണ് സ്വതന്ത്ര്യമായി കിടക്കുന്നത്. മരുഭൂമിയിലൂടെ 319 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് സുയാഷ് ഇവിടെയെത്തിയത്. ബിര്‍ തവാലിയില്‍ എത്തിയ ഉടന്‍ കയ്യില്‍ കരുതിയ കൊടി നാട്ടി. കുപ്പിയില്‍ കരുതിയ വെള്ളം നനച്ച് വിത്തു പാകി. 

ഇനി മുതല്‍ ഈ രാജ്യം ഡിക്ഷിത് എന്നാണെന്നും താന്‍ ഇതിന്‍റെ രാജാവാണെന്നും പ്രഖ്യാപിച്ചു. ഇത് അച്ഛനുള്ള പിറന്നാള്‍ സമ്മാനമാണ്, അച്ഛന്‍ രാജ്യത്തിന്റെ പ്രസിഡന്റായിരിക്കുമെന്നും സുയാഷ് പറഞ്ഞു. വിദേശ രാജ്യങ്ങളെ നിക്ഷേപത്തിനായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. വട്ടാണെന്ന് തോന്നുമെങ്കിലും സുയാഷ് സീരിയസ്സാണ്. ഈ ഭൂമിയുടെ രാജാവായി തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയ്ക്ക് കത്തെഴുതാനും ഉദ്ദേശമുണ്ട്. ഇനി ഈ അപേക്ഷകള്‍ സുഡാനും ഈജിപ്തും ഐക്യരാഷ്ട്ര സഭയും കേള്‍ക്കുമോ എന്നറിയണം.