ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയെത്തിയ ഗ്രീന്‍ കാറ്റഗറിയിലുള്ള തീര്‍ത്ഥാടകരാണ് മക്കയില്‍ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നത്. ഹറം പള്ളിയുടെ ഒന്നര കിലോമീറ്റര്‍ ദൂര പരിധിക്കുള്ളിലുള്ള ഈ കെട്ടിടങ്ങളില്‍ സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ ഗ്യാസ് സിലിണ്ടറിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 30 പേര്‍ക്ക് ഒരു അടുക്കള എന്ന തോതില്‍ ഈ കെട്ടിടങ്ങളിലുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല. എന്നാല്‍ ഗ്യാസിനുള്ള വിലക്ക് നീങ്ങിയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതു സംബന്ധമായ ഔദ്യോഗിക അറിയിപ്പ് കെട്ടിടമുടമകള്‍ക്ക് ലഭിച്ചിട്ടില്ല. 

അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ കെട്ടിടങ്ങളില്‍ പാചക വാതകം കഴിഞ്ഞ ദിവസം എത്തിച്ചിട്ടുണ്ടെങ്കിലും പല കെട്ടിടങ്ങളിലും ഇപ്പോഴും തീര്‍ത്ഥാടകര്‍ പ്രയാസപ്പെടുകയാണ്. മലയാളികള്‍ ഉള്‍ടെയുള്ള തീര്‍ത്ഥാടകര്‍ക്ക് മക്കയിലെ മലയാളി സംഘടനകളാണ് പലപ്പോഴും ഭക്ഷണം വിതരണം ചെയ്യുന്നത്. സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ പരിമിതിയുണ്ടെന്നും പ്രശ്നത്തിന് എത്രയും പെട്ടെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഇടപെട്ട് പരിഹാരം കാണണമെന്നുമാണ് സംഘടനകളുടെ ആവശ്യം. ഹറം പള്ളിയില്‍ നിന്നും അല്പം അകലെ അസീസിയ കാറ്റഗറിയില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യമുണ്ട്. ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്ഥാടകാരില്‍ ഭൂരിഭാഗവും താമസിക്കുന്നത് അസീസിയ കാറ്റഗറിയിലാണ്.