ഹജ്ജ് മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, സര്‍വീസ് ഏജന്റുമാര്‍, മുനിസിപ്പാലിറ്റി എന്നിവരടങ്ങിയ യോഗത്തിലാണ് ഭക്ഷണം പാചകം ചെയ്യാന്‍ അനുമതി ലഭിച്ചതെന്നും പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ ഷെയ്ഖ് പറഞ്ഞു. ഈ പ്രശ്നം എല്ലാ തീര്‍ഥാടകര്‍ക്കും ഉള്ളതാണെന്ന് തീര്‍ഥാടകര്‍ മനിസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മക്കയില്‍ മസ്ജിദുല്‍ ഹറം പള്ളിക്ക് സമീപം താമസിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇപ്പോഴും ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാതെ പ്രയാസപ്പെടുകയാണ്. ഇവിടെ പാചക വാതകം ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതാണ് കാരണം. ഈ പ്രശ്നം അധികൃതരുമായി സംസാരിച്ച് പരിഹരിച്ചതായും ഭക്ഷണം പാകം ചെയ്യാന്‍ താല്‍ക്കാലിക അനുമതി ലഭിച്ചതായും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ ഷെയ്ഖ് പറഞ്ഞു.
എന്നാല്‍ തങ്ങള്‍ക്ക് ഇതുസംബന്ധമായ ഔദ്യോഗിക അറിയിപ്പ് ഇതു വരെ ലഭിച്ചിട്ടില്ലെന്ന് കെട്ടിടമുടമകള്‍ പറയുന്നു. പല കെട്ടിടങ്ങളിലും അതുകൊണ്ട് തന്നെ പാചകം ചെയ്യാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കുന്നില്ല. അതേസമയം ഈ വര്‍ഷം ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള 65,000 തീര്‍ഥാടകര്‍ക്ക് മാത്രമേ ഹജ്ജ് വേളയില്‍ ട്രെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. 35,000 തീര്‍ഥാടകര്‍ ബസില്‍ യാത്ര ചെയ്യേണ്ടി വരും. ട്രെയിന്‍ സ്റ്റേഷനുകളിലും വഴികളിലും തിരക്ക് കുറയ്‌ക്കുന്നതിന്റെ ഭാഗമായാണിത്. കഴിഞ്ഞ വര്‍ഷം മൂന്നര ലക്ഷം തീര്‍ഥാടകര്‍ യാത്ര ചെയ്തിരുന്ന സ്ഥാനത്ത് ഇത്തവണ രണ്ടേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമാണ് ട്രെയിന്‍ സര്‍വീസ് ഉപയോഗിക്കാന്‍ അനുമതി ലഭിച്ചത്.
