മാലൈ: രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന മാലിദ്വീപില്‍ ഇന്ത്യക്കാരായ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയുടെ ലേഖകരായ മണി ശര്‍മയെയും അതീഷ് രാജ് വി പട്ടേലിനെയുമാണു ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കിയത്. 

കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് മാലദ്വീപിലെ ഇന്ത്യന്‍ എംബസിയോട് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Scroll to load tweet…

അതേസമയം, മാലദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ ആശങ്ക രേഖപ്പെടുത്തി കൊണ്ട് കഴിഞ്ഞ ദിവസം യുഎസും ചൈനയും ഇന്ത്യയുമായി ബന്ധപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇന്ത്യയുമായി ഇക്കാര്യം ചര്‍ച്ചചെയ്യുകയാണെന്നു ചൈനയുടെ വിദേശകാര്യ വക്താവ് ജെന്‍ ഷുവാങ് തന്നെയാണു വെളിപ്പെടുത്തിയത്. 

അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാലദ്വീപില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി ഒരു പ്രമുഖ ടിവി സ്‌റ്റേഷന്‍ പൂട്ടിയതായി മാലദ്വീപ് എംപി അലി സാഹിര്‍ ട്വീറ്റ് ചെയ്തു. പ്രസിഡന്റ് അബ്ദുള്ള യാമീന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് സൈന്യത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്.