ദില്ലി സ്ഫോടന പരമ്പരകള്‍ ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങളിലെ പ്രതിയായ ഇന്ത്യന്‍ മുജാഹിദിന്‍ അംഗം അരിസ് ഖാന്‍ എന്ന ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ അന്വേഷണ സംഘം ജുനൈദിന്‍റെ തലയ്‌ക്ക് പത്ത് ലക്ഷം രൂപ വിലയിട്ടിരുന്നു.

ഏറെ വിവാദം സൃഷ്‌ടിച്ച ഭട്‍ല ഏറ്റുമുട്ടലിനിടെ പൊലീസില്‍ നിന്ന് രക്ഷപ്പെട്ട ജുനൈദ് ഒളിവില്‍ കഴിയുകയായിരന്നു. ഇന്ത്യ- നേപ്പാള്‍ അതിരിര്‍ത്തിയില്‍ നിന്ന് ദില്ലി പൊലീസ് സെപ്ഷ്യല്‍ സെല്ലാണ് ഇയാളെ പിടികൂടിയത്. ദില്ലിയിലെ പഹാഡ് ഗഞ്ച്, ബാരകംപ റോഡ്, കോണോട്ട് പ്ലേസ്, ഗ്രേറ്റര്‍ കൈലാഷ്, ഗോവിന്ദപുരി എന്നിവിടങ്ങളിലെ സ്ഫോടനങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

സ്ഫോടനങ്ങള്‍ നടന്ന് ആറാം ദിവസമാണ് ഭട്‍ലയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ദില്ലി പൊലീസ് ആക്രമിച്ചത്. അന്ന് രണ്ട് ഭീകരരെ വധിക്കുകയും രണ്ട് പേരെ പിടികൂടുകയും ചെയ്തു. ഭട്‍ല ആക്രമണം വ്യാജമെന്നായിരുന്നു അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നത്. ഉത്തര്‍പ്രദേശ്, ജയ്പൂര്‍, അഹമ്മദാബാദ് സ്ഫോടന കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്‍ജിനീയറിങ് ബിരുദധാരിയായ ജുനൈദ് ബോംബ് നിര്‍മാണത്തില്‍ വിദ്ഗനാണ്.