ദില്ലി: പുതുചരിത്രം കുറിച്ച് സമുദ്രപര്യടനം നടത്തുന്ന ഇന്ത്യന്‍ നാവികസേനയിലെ ആറംഗ വനിതാസംഘം. യാത്രയിലെ നിർണായക ഘട്ടമായ കേപ് ഹോൺ സംഘം മറികടന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഗോവയിൽനിന്നാണ് സംഘം യാത്ര തിരിച്ചത്. ചരിത്രനേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു.
അഞ്ച് ഘട്ടമായി ക്രമീകരിച്ച യാത്രയിൽ നാലു തുറമുഖങ്ങളില്‍ മാത്രമാണ് കപ്പല്‍ നങ്കൂരമിടുക. ലഫ്റ്റനന്റ് കമാന്‍ഡര്‍ വര്‍തിക ജോഷിയാണ് യാത്ര സംഘത്തിന്‍റെ നേതാവ്. ലഫ്റ്റനന്റ് കമാന്‍ഡര്‍മാരായ പ്രതിഭ ജാംവല്‍, ലഫ്റ്റനന്റുമാരായ ഐശ്വര്യ ബോഡാപതി, പതാരപ്പള്ളി സ്വാതി, വിജയ ദേവി, പായല്‍ ഗുപ്ത തുടങ്ങിയവരാണു മറ്റ് അംഗങ്ങള്‍.
അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങൾ സംഗമിക്കുന്ന കേപ് ഹോൺ മറികടക്കുകയെന്നതു സമുദ്രപര്യടനത്തിലെ സുപ്രധാന ഘട്ടമാണ്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിനെ കൂസാതെയാണ് വനിതാ സംഘം മുന്നേറിയത്. സ്റ്റാൻലി തുറമുഖത്തിന് 410 നോട്ടിക്കൽ മൈൽ അകലെക്കൂടിയാണ് ഇവരുടെ ഐഎന്‍എസ്‍വി തരിണി സഞ്ചരിച്ചത്.
2018 ഏപ്രിൽ വരെയാണ് ദൗത്യത്തിന്റെ സമയം. പര്യടനത്തില്‍ 21,600 നോട്ടിക്കല്‍ മൈല്‍ ദൂരം പിന്നിടുമെന്നാണു കണക്കാക്കുന്നത്. ‘മേക്ക് ഇൻ ഇന്ത്യ’യെ ലോകത്തിനു പരിചയപ്പെടുത്തുക, വനിതാശാക്തീകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് ‘നാവിക സാഗർ പരിക്രമ’ എന്ന്പേരിട്ടിരിക്കുന്ന യാത്ര.
