ബംഗളുരു: ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികളുടെ ഭാവി പഠനവും തൊഴില്‍ സാധ്യതകളും തുലാസിലാക്കി കര്‍ണാടകത്തിലെ മുഴുവന്‍ നഴ്‌സിങ് കോളേജുകളുടെയും അംഗീകാരം ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ എടുത്തുകളഞ്ഞു. സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകള്‍ക്ക് കര്‍ണാടക നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരം മാത്രം മതിയെന്ന സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ അംഗീകാരമുളള നഴ്‌സിങ് സ്ഥാപനങ്ങളുടെ പട്ടികയുണ്ട്. 2017-18 വര്‍ഷത്തെ നഴ്‌സിങ് കോഴ്‌സുകളിലേക്കുളള പ്രവേശനം നടത്താനാവുന്ന സ്ഥാപനങ്ങളുടെ പട്ടിക. ഇതിലാണ് കര്‍ണാടകത്തിലെ ഒരൊറ്റ സ്ഥാപനം പോലും ഇല്ലാത്തത്. കഴിഞ്ഞ തവണ 257 കോളേജുകള്‍ ഉണ്ടായിരുന്നിടത്താണ് ഇത്. കാരണം തേടിയപ്പോള്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ നല്‍കിയ മറുപടിയില്‍ കാര്യം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകള്‍ക്ക് കര്‍ണാടക നഴ്‌സിങ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി മെഡിക്കല്‍ സര്‍വകലാശാലയുടെയും അംഗീകാരം മാത്രം മതിയെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവേശനം നടത്താന്‍ കര്‍ണാടകത്തിലെ കോളേജുകള്‍ക്ക് ഉത്തരവ് പിടിവളളിയായി. ഇതാണ് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരം റദ്ദാക്കാന്‍ കാരണവുമായി. തീരുമാനം ഏറ്റവുമധികം ബാധിക്കുക 70 ശതമാനം വരുന്ന ഇതരസംസ്ഥാന വിദ്യാര്‍ത്ഥികളെയാണ്. അതില്‍ ഭൂരിഭാഗവും മലയാളികളാണ്. കര്‍ണാടക നഴ്‌സിങ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് മറ്റ് സംസ്ഥാനങ്ങള്‍ അംഗീകരിക്കില്ല. ചുരുക്കത്തില്‍ ജോലി ചെയ്യാനാവുക കര്‍ണാടകയില്‍ മാത്രം. വിദേശത്ത് ജോലി ലഭിക്കാനുളള സാധ്യതയും അവസാനിക്കും. വായ്പയെടുത്ത് പഠിച്ച് അവസാനവര്‍ഷത്തിലേക്ക് എത്തിയ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്.

ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലുമായുളള തര്‍ക്കം തീര്‍ത്ത് മുഴുവന്‍ കോളേജുകള്‍ക്കും അംഗീകാരം ലഭ്യമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുക്കുമോ എന്നാണ് ഇനി കാണേണ്ടത്.