തിരുവനന്തപുരം: ശനിയാഴ്ച തലസ്ഥാനത്ത് നടക്കുന്ന എബിവിപി റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഔദ്യോഗിക അനൗണ്‍സ്മെന്‍റ് സംവിധാനം ഉപയോഗിച്ച്​ സ്വാഗതമാശംസിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയും റെയില്‍വേ. വെള്ളിയാഴ്ച തമ്പാനൂര്‍ റെയില്‍വേ സ്​റ്റേഷനിലാണ് ട്രെയിന്‍ അറിയിപ്പുകള്‍ നല്‍കാന്‍ മാത്രം ഉപയോഗിക്കുന്ന സംവിധാനം എബിവിപി റാലിക്കാരെ സ്വീകരിക്കാൻ ഉപയോഗിച്ചത്. 

ഓരോ ട്രെയിന്‍ വന്നുപോകുമ്പോഴും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമടക്കം സ്വാഗതം നേരലുണ്ടായി. റെയില്‍വേ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കാന്‍ ഉത്തരേന്ത്യന്‍ സംസ്​ഥാനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാവലെ മുതല്‍ തമ്പാനൂരില്‍ എത്തിയിരുന്നു. ഇവര്‍ക്കായി സ്റ്റേഷ​നിൽ മൂന്ന്​ കൗണ്ടറുകള്‍ സംഘാടകള്‍ ഒരുക്കിയിരുന്നു. പ്രവര്‍ത്തകർക്കുവേണ്ട നിർദേശങ്ങളും അനൗൺസ്മെന്‍റിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. 

ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍നിന്ന് മറ്റ് ട്രെയിനുകളുടെ അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കുന്നതിനിടെയാണ് പ്രവര്‍ത്തകരെ തലസ്​ഥാനത്തേക്ക് സ്വാഗതം ചെയ്തുള്ള സന്ദേശവും വന്നത്​. ഔദ്യോഗിക അറിയിപ്പുകള്‍ക്ക് പുറമെ ഏജന്‍സിവഴി ലഭിക്കുന്ന പരസ്യങ്ങള്‍ ഡിവിഷന്‍ അധികൃതരുടെ അനുമതിയോടെ നിശ്ചിത സമയത്തേക്ക് നല്‍കാറുണ്ട്. എന്നാൽ രാഷ്ട്രീയപാർട്ടികളുടെ ഇത്തരം ജാഥകളോ മറ്റ് പരിപാടികളോ സംബന്ധിച്ച അറിയിപ്പുണ്ടാകുന്നത് ഇതാദ്യമാണ്.