
ആദ്യഘട്ടം 15 ദിവസനത്തിനകം നടപ്പാക്കുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍, അംഗപരിമിതര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ടിക്കറ്റ് ഇളവിനാണ് ആദ്യഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത്. അതിനുശേഷം രണ്ടു മാസത്തിനകമായിരിക്കും റെയില്‍വേ ടിക്കറ്റിനും റിസര്‍വ്വേഷനും ഓണ്‍ലൈന്‍ റിസര്‍വ്വേഷനും ആധാര്‍ നിര്‍ബന്ധമാക്കുക. റെയില്‍വേ യാത്രയിലെ ആള്‍മാറാട്ട തട്ടിപ്പുകള്‍ തടയാനാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ വിശദീകരണം. പൊതുവിതരണ സംവിധാനത്തിനും പാചകവാതക കണക്ഷനുകള്‍ക്കുമുള്ള സബ്സിഡിക്ക് മാത്രമായി ആധാര്‍ കാര്‍ഡ് നിജപ്പെടുത്തിയ കഴിഞ്ഞവര്‍ഷത്തെ സുപ്രീംകോടതി വിധി നിലനില്‍ക്കേയാണ് റെയില്‍വേയുടെ പുതിയ നീക്കം.
ഏഴു വര്‍ഷം മുമ്പാണ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും പൗരന്‍മാരെ സഹായിക്കുന്നതിനായാണ് ആധാര്‍ കാര്‍ഡ് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല എന്നു സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി നിലവിലുണ്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുകയാണ്. ഇതിനിടെയാണ് റെയില്‍വേ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന തീരുമാനവുമായി വരുന്നത്. ആധാര്‍ കാര്‍ഡ് ഇല്ലാത്ത ലക്ഷണകണക്കിന് ആളുകളെ ഇത് പ്രതികൂലമായി ബാധിക്കും.
