സിംഗപൂര്‍: പ്രായപൂര്‍ത്തിയാകാത്ത പൊണ്‍കുട്ടിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് സിംഗപ്പൂരിൽ പതിമൂന്ന് വർഷം തടവ്. ഉദയകുമാര്‍ ദക്ഷിണാമൂര്‍ത്തി(31)എന്നയാളെയാണ് സിംഗപ്പൂര്‍ ഹൈക്കോടതി വ്യാഴാഴ്ച ജയിൽ ശിക്ഷയ്ക്കും പന്ത്രണ്ട് ചുരലടിക്കും വിധിച്ചത്. അയൽവാസിയായ പെൺകുട്ടിയെയാണ് ഇയാൾ ​ലൈം​ഗിക ചൂഷണത്തിന് ഇരയാക്കിയത്. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

2016 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താനുമായി ​ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ടപ്പോൾ തനിക്ക് അതിനെ പറ്റി ഒന്നും അറിയില്ലെന്ന് പെൺകുട്ടി പ്രതിയോട് പറഞ്ഞു. എന്നാൽ പഠിപ്പിച്ചുതരാമെന്ന് പറഞ്ഞായിരുന്നു ഇയാൾ കുട്ടിയെ ചൂഷണം ചെയ്തതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.12വയസ്സുകാരിയെ ഉദയകുമാര്‍ ഭാര്യയെന്നാണ് വിളിച്ചിരുന്നതെന്നും പെൺകുട്ടിയോട് വിവാഹം കഴിക്കാൻ താത്പര്യം ഉണ്ടെന്നും ഇയാൾ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. സ്കൂൾ വിട്ടുവരുന്ന വഴി കുട്ടിയെ മറ്റുസ്ഥലങ്ങളില്‍ കൊണ്ടുപോയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്.  

സിംഗപ്പൂരിലെ മിനിമാർട്ടിലാണ് ഉദയകുമാര്‍ ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും കുട്ടിക്ക് സൗജന്യമായി സാധനങ്ങളെടുക്കാനും ഇയാൾ അനുവാദം നൽകിയിരുന്നു. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം അവസാനിക്കുകയും ഉദയ് മറ്റൊരാളുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇവർ ഒരു ദിവസം ഉദയകുമാറിന്റെ ഫോൺ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫോണിൽ കുട്ടിയുടെ ന​ഗ്ന വീഡിയോ കണ്ട യുവതി സംഭവം പൊലീസിൽ അറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.