സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ആയി പുതുതായി ചാര്‍ജെടുത്ത അഹമദ് ജാവേദിനും പത്‌നി ശബ്‌നം ജാവേദിനും ഊഷ്മളമായ സ്വീകരണമാണ് ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഒരുക്കിയത്. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാകേണ്ടതുണ്ടെന്നു അംബാസഡര്‍ പറഞ്ഞു. ആരോഗ്യകരമായ മനസ്സും ശരീരവും മാത്രമല്ല, ശുദ്ധമായ ഹൃദയവും അധ്യാപകര്‍ക്ക് ഉണ്ടാകണം. അവര്‍ സേവന സന്നദ്ധരായിരിക്കണം. ആവശ്യമുള്ള അധ്യാപകരെയെല്ലാം ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്യാന്‍ സൗദിയിലെ വിസാ നിയമം തടസ്സമാണെന്ന പരാതിയുണ്ട്. ഈ വിഷയം പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശന വേളയില്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

അധ്യാപകര്‍ക്ക് മികച്ച പരിശീലനം ആവശ്യമാണെന്നും സ്‌കൂളിന്റെ മുഖ്യ രക്ഷാധികാരികൂടിയായ അംബാസഡര്‍ പറഞ്ഞു. പുതിയ സ്‌കൂള്‍ കലണ്ടറിന്റെ പ്രകാശനം ശബ്‌നം ജാവേദ് നിര്‍വഹിച്ചു. ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും സ്‌കൂളധികൃതരും ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകള്‍ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.