അതിർത്തി സംഘർഷത്തെ തുടർന്ന് 2020-ൽ ചൈനീസ് കമ്പനികൾക്ക് സർക്കാർ കരാറുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ ഇന്ത്യയുടെ ധനകാര്യ മന്ത്രാലയം ആലോചിക്കുന്നു.
ദില്ലി: ചൈനയുമായുള്ള വാണിജ്യ ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ, സർക്കാർ കരാറുകളിൽ പങ്കെടുക്കുന്ന ചൈനീസ് കമ്പനികൾക്ക് അഞ്ച് വർഷമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ ഇന്ത്യയുടെ ധനകാര്യ മന്ത്രാലയം ആലോചിക്കുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2020 ലെ നിയന്ത്രണങ്ങൾ മൂലമുണ്ടായ പ്രതിസന്ധിയും പദ്ധതി കാലതാമസവും മറ്റ് സർക്കാർ വകുപ്പുകൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ധനകാര്യ മന്ത്രാലയം തീരുമാനിച്ചത്. നിരവധി മന്ത്രാലയങ്ങൾ തടസ്സങ്ങൾ മറികടക്കാൻ ഇളവുകൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, റിപ്പോർട്ടിൽ ധനകാര്യ മന്ത്രാലയമോ പ്രധാനമന്ത്രിയുടെ ഓഫീസോ പ്രതികരിച്ചില്ല. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസായിരിക്കുമെന്നും പറയുന്നു.
ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള അതിർത്തി സംഘർഷത്തെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കൂടാതെ ചൈനീസ് സ്ഥാപനങ്ങൾ ഇന്ത്യൻ സർക്കാർ കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നും കരാർ നേടുന്നതിന് മുമ്പ് രാഷ്ട്രീയ, സുരക്ഷാ അനുമതികൾ നേടണമെന്നും നിർബന്ധിച്ചിരുന്നു. 700 ബില്യൺ മുതൽ 750 ബില്യൺ ഡോളർ വരെയുള്ള സർക്കാർ കരാറുകളിൽ ചൈനീസ് കമ്പനികൾ പങ്കെടുക്കുന്നത് നിയന്ത്രണങ്ങൾ ഫലപ്രദമായി തടഞ്ഞു. നിയന്ത്രണങ്ങൾ നിലവിൽ വന്നതിന് തൊട്ടുപിന്നാലെ, 216 മില്യൺ ഡോളറിന്റെ ട്രെയിൻ നിർമ്മാണ കരാറിൽ പങ്കെടുത്തുന്നതിൽ നിന്ന് ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള സിആർആർസിയെ അയോഗ്യരാക്കി.
ഇന്ത്യയുടെ നിയന്ത്രണങ്ങളെത്തുടർന്ന്, ചൈനീസ് കമ്പനികൾക്കും തിരിച്ചടിയായി. ചൈനീസ് കമ്പനികളുടെ മൂല്യം മുൻ വർഷത്തെ അപേക്ഷിച്ച് 27% കുറഞ്ഞുവെന്ന് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ 2024 റിപ്പോർട്ട് അഭിപ്രായപ്പെട്ടു. അതേസമയം, വൈദ്യുതി മേഖലയ്ക്കുള്ള ഉപകരണങ്ങൾ ചൈന ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾഇന്ത്യയുടെ താപവൈദ്യുത ശേഷി ഏകദേശം 307 ജിഗാവാട്ടായി വികസിപ്പിക്കാനുള്ള പദ്ധതികളെ മന്ദഗതിയിലാക്കുകയും ചെയ്തു.
മുൻ കാബിനറ്റ് സെക്രട്ടറിയായ രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല സമിതിയും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% പിഴ ചുമത്തിയതിനുശേഷം ചൈനയുമായുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ ശ്രമിച്ചിരുന്നു.
