ഈ മാസം ഇരുപതിന് ദില്ലിയിലെ വസന്ത് കുഞ്ജിൽ കോംഗോ സ്വദേശിയായ യുവാവിനെ ഒരു സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. കുറ്റവാളികൾക്കെതിരെ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കോംഗോ തലസ്ഥാനമായ കിൻഷാസയിൽ നടന്ന പ്രതിഷേധ റാലിയാണ് അക്രമാസക്തമായത്. അയ്യായിരത്തിലധികം ഇന്ത്യക്കാരുള്ള കിൻഷാസ നഗരത്തിലെ ഇന്ത്യക്കാരുടെ സ്ഥാപനങ്ങൾക്ക് നേരെ പ്രതിഷേധക്കാർ ആക്രമണമഴിച്ചുവിട്ടു. അക്രമത്തിൽ ഇന്ത്യക്കാർക്ക് പരിക്കേറ്റതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

സ്ഥിതി കോംഗോയിലെ ഇന്ത്യൻ എംബസി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. കോംഗോളീസ് യുവാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ആഫ്രിക്കൻ ദിനാഘോഷത്തിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യയിലെ ആഫ്രിക്കൻ രാജ്യങ്ങളുടെ അംബാസഡ‍ർമാർ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നു.