ജയ്പൂര്‍: ഇന്ത്യയില്‍ ആദ്യമായി സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന സമ്പൂര്‍ണ സ്റ്റേഷനായി രാജസ്ഥാനിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍. സബര്‍ബന്‍ സ്റ്റേഷനുകളല്ലാതെ സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷനാണിത്. രാജ്യസ്ഥാനില്‍ സബര്‍ബനടക്കം സ്ത്രീകള്‍ നിയന്ത്രിക്കുന്ന ആദ്യത്തെ റെയില്‍വേ സ്റ്റേഷനെന്ന പ്രത്യേകതയും ഇതിനുണ്ട്.

നാല്‍പതോളം വരുന്ന സ്ത്രീ ജീവനക്കാരാണ് ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്. ജയ്പൂര്‍ ദില്ലി റൂട്ടിലാണ് ഗാന്ധിനഗര്‍ റെയില്‍വെ സ്റ്റേഷന്‍. അന്‍പതിലധികം ട്രെയിനുകള്‍ ദിവസവും സ്റ്റേഷന്‍ വഴി കടന്നുപോകുന്നുണ്ട്. ദിവസവും ശരാശരി 7000 യാത്രക്കാര്‍ സ്റ്റേഷന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 

റെയില്‍വേ ജീവനക്കാര്‍ക്ക് പുറമെ ആര്‍പിഎഫ്, ട്രാഫിക് ഒഫീഷ്യല്‍ എന്നിവരും സ്ത്രീകള്‍ തന്നെ ആയിരിക്കും. സ്റ്റേഷന്‍റെ മുക്കും മൂലയും സിസിടിവി നിരീക്ഷണത്തിലായിരിക്കും. സ്റ്റേഷനില്‍ വിവിധയിടങ്ങളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

ഇത് ഞങ്ങള്‍ക്ക് പുതിയ അനുഭവമാണ്. ഞങ്ങളുടെ കാര്യക്ഷമത തെളിയിക്കാനുള്ള അവസരമാണിത്. അത് ഭംഗിയായി ചെയ്യാന്‍ ശ്രമിക്കും. ഷിഫ്റ്റുകളിലായാണ് വര്‍ക്ക് ചെയ്യുക. രാത്രിയും പകലും ടിക്കറ്റ് ബുക്കിങ്ങും കാന്‍സലേഷനുമടക്കമുള്ളവ സ്ത്രീകള്‍ തന്നെ കൈകാര്യം ചെയ്യുമെന്നും ജീവനക്കാര്‍ പ്രതികരിച്ചു.