ഫെബ്രുവരി 27ന് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന 6E-237 വിമാനം ജയ്‍പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. ഓട്ടോപൈലറ്റ് മോഡ് ഓഫ് ചെയ്ത് പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. റണ്‍വേയ്ക്ക് സമാന്തരമായി കിടക്കുന്ന റോഡ് കണ്ട് തെറ്റിദ്ധരിച്ച പൈലറ്റുമാര്‍ വിമാനം അവിടെ ഇറക്കാന്‍ നോക്കുകയായിരുന്നു. നിലത്തെത്താന്‍ ഒന്നര മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ EGPWS സംവിധാനം അപകട മുന്നറിയിപ്പ് നല്‍കുകയായിരുന്നു. വിമാനം അസാധാരണമായ തരത്തില്‍ വളരെ താഴേക്ക് പോകുമ്പോഴാണ് EGPWS സംവിധാനം പ്രവര്‍ത്തിക്കാറുള്ളത്.

തുടര്‍ന്ന് അബദ്ധം മനസിലാക്കിയ പൈലറ്റുമാര്‍ വിമാനം ഉയര്‍ത്തുകയും ഒരുതവണ കൂടി വട്ടമിട്ട് പറന്ന ശേഷം സുരക്ഷിതമായി റണ്‍വെയില്‍ ഇറങ്ങുകയുമായിരുന്നു. സുരക്ഷാ സംവിധാനം പ്രവര്‍ത്തിച്ചത് മനസിലാക്കിയ ഇന്റിഗോ ഫ്ലൈറ്റ് സുരക്ഷാ വിഭാഗം സംഭവത്തില്‍ അന്വേഷണം നടത്തുകയും വിവരം സിവില്‍ ഏവിയേഷന്‍ വകുപ്പില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരു ഘട്ടത്തിലും യാത്രക്കാരുടെ സുരക്ഷ അപകടത്തിലായിരുന്നില്ലെന്ന് ഇന്റിഗോ അറിയിച്ചു. സംഭവം അതീവ ഗൗരവമേറിയതാണെന്നും രണ്ട് പൈലറ്റുമാരെയും സസ്പെന്റ് ചെയ്തതായും സിവില്‍ ഏവിയേഷന്‍ ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.