ഇന്‍ഡോര്‍: ഉള്ളില്‍ എന്താണെന്ന് കാണട്ടെ എന്ന് പറഞ്ഞാണ് അവര്‍ എന്‍റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയത്. ഇന്‍ഡോറില്‍ പൊതുജന മധ്യത്തില്‍ ആക്രമിക്കപ്പെട്ട ഒരു മോഡലിന്‍റെ വാക്കുകളാണിത്. പട്ടാപ്പകല്‍ തിരക്കുള്ള റോഡില്‍ വച്ച് തന്നെ ലൈംഗികമായി അത്രക്രമിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി തന്‍റെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 

അത്രയധികം ആളുകള്‍ അവിടെയുണ്ടായിരുന്നിട്ടും ആരും സഹായത്തിനെത്തിയില്ല. സഹായത്തിനെത്തിയ ഒരു മധ്യവയസ്കന്‍ എന്നോട് പറഞ്ഞതാണ് കൂടുതല്‍ എന്നെ വേദനിപ്പിച്ചത്. ഞാന്‍ ധരിച്ച വസ്ത്രമാണ് എല്ലാത്തിന് കാരണമെന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. എന്‍റെ വസ്ത്രം എന്നെ അതിക്രമിക്കാനുള്ള ലൈസന്‍സാണോ?. ഞാന്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ് അതിനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്. ശാരീരിക വേദനകള്‍ വേദനയെല്ലാം എളുപ്പം മാറിയേക്കാം പക്ഷെ മാനസിക വേദന എളുപ്പം മാറില്ലെന്നും യുവതി പറഞ്ഞു.

സംഭവം പൊലീസ് പരിശോധിച്ച് വരികയാണ്. എന്നാല്‍ പ്രദേശത്ത് സിസിടിവി ഒന്നും കണ്ടത്താനായിട്ടില്ല. യുവതി പരാതി നല്‍കാത്തതിനാല്‍ വൈറലായ ട്വിറ്റര്‍ പോസ്റ്റിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണം. യുവാക്കളാണ് അതിക്രമം നടത്തിയതെന്ന് പറയുന്നുണ്ടെങ്കിലും നഗരത്തിന്‍റെ ഏത് ഭാഗത്താണെന്ന് മോഡല്‍ വ്യക്തമാക്കിയിട്ടില്ല. ഇതുകൂടി പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.