ആശുപത്രിയധികൃതരുടെ അനാസ്ഥയില്‍ മാറി നല്‍കിയ നവജാത ശിശുക്കളെ ഡിഎന്‍എ പരിശോധന നടത്തി യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി..ആറ് മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് കൊല്ലം സ്വദേശികളായ ദമ്പതികള്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ കുഞ്ഞുങ്ങളെ തിരികെ കിട്ടിയത്. ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് മാതാപിതാക്കള്‍.

ആറ് മാസം മുന്‍പ് കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജിലായിരുന്നു അനീഷിന്‍റെ ഭാര്യ റംസിയുടെയും നൗഷാദിന്‍റെ ഭാര്യ ജസീറയുടെയും പ്രസവം നടന്നത്.. ഇരുവര്‍ക്കും രണ്ട് ആണ്‍കുഞ്ഞുങ്ങള്‍. വാങ്ങി നല്‍കിയ ടവ്വലിന് പകരം മറ്റാരെണ്ണത്തില്‍ കുഞ്ഞുങ്ങളെ പുതച്ച് കൊണ്ടുവന്നപ്പോള്‍ തന്നെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. കൈയില്‍ കെട്ടുന്ന ടാഗിലും പേരുകള്‍ മാറ്റിയെഴുതിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതായി ഇരു കുഞ്ഞുങ്ങളുടെയും മാതാപിതാക്കള്‍ പറയുന്നു. മൂന്ന് മാസത്തിന് ശേഷം പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ മറ്റൊരു ആശുപത്രിയിലെത്തിയപ്പോള്‍ കുട്ടിയുടെ ബ്ലഡ് ഗ്രൂപ്പ് ജനിച്ച ആശുപത്രിയില്‍ നിന്നു പറഞ്ഞതില്‍ നിന്നും വ്യത്യസ്തം.ഇതേത്തുടര്‍ന്നാണ് ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയത്.
വിഷയം പുറത്തു പറയാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പണം വാഗ്ദാനം ചെയ്‌തെന്ന് ഒരു കുഞ്ഞിന്റെ പിതാവായ നൗഷാദ് പറഞ്ഞു.

വിഷയത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതരോ മാനേജ്മെന്‍റോ തയ്യാറായിട്ടില്ല.