നോയി‍ഡ: മദ്യപിച്ചെത്തിയ പിതാവ് ഒരുവയസ്സ് പ്രായമായ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും എറിഞ്ഞ് കൊന്നു . ഉത്തർപ്രദേശിലെ ഗാരി ചൗഖണ്ടി എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഇഷിക എന്ന ഒരുവയസ്സുകാരിയാണ് മരിച്ചത്. കുഞ്ഞിന്‍റെ പിതാവ് പങ്കജ് ഒളിവിലാണ്. ഭാര്യയുമായുണ്ടായ തർക്കത്തിൽ പ്രകോപിതനായാണ് പങ്കജ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.  

നോയിഡയിൽ ആശാരിയായി ജോലി ചെയ്യുന്ന ആളാണ് പങ്കജ്. ഇയാൾ ഭാര്യ ഗുഡിയയുമായി എന്നും വഴക്കിടാറുണ്ടായിരുന്നുവെന്ന് ഇവരുടെ സഹോദരൻ കരൺ പറഞ്ഞു. സംഭവ ദിവസവും പതിവു പോലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് പ്രകോപിതനായ പങ്കജ് ഇയാളുടെ മറ്റൊരു മകളുടെ കൈയ്യിലിരുന്ന ഇഷയെ ബലമായി പിടിച്ചു വാങ്ങി. തുടർന്ന് ഫ്ലാറ്റിൽ നിന്നുകൊണ്ട് സമീപത്തെ ഗ്രൗണ്ടിലേയ്ക്ക് കുഞ്ഞിനെ 
വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഗുഡിയയാണ് പൊലീസിൽ വിവരം അറിയിച്ചത്. എന്നാൽ പൊലീസ് എത്തുന്നതിന് മുമ്പെ പങ്കജ് സ്ഥലം കാലിയാക്കിയിരുന്നു. കുഞ്ഞിനെ അടുത്തുള്ള പ്രാദേശിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും പിറ്റേദിവസം രാവിലെ മരിച്ചു. ദമ്പതികൾക്ക് മരിച്ച ഇഷ ഉൾപ്പടെ നാല് കുട്ടികൾ ഉണ്ട്.

'വിവാഹം കഴിഞ്ഞ് രണ്ടു മൂന്ന് വർഷം സമാധാനപരമായ ദാമ്പത്യമായിരുന്നു ഇവർ നയിച്ചിരുന്നത്. എന്നാൽ പെട്ടെന്നൊരു ദിവസം പങ്കജിൽ മാറ്റങ്ങൾ വന്നു തുടങ്ങി. പതിവില്ലാതെ മദ്യപിക്കുകയും ഗുഡിയയുമായി വഴക്കിടുകയും ചെയ്തു. പല ദിവസങ്ങളിലും ഇരുവരുടെയും വഴക്ക് ഒത്തു തീർപ്പാക്കാൻ ഞങ്ങൾ വീട്ടിലെത്തുമായിരുന്നു'- സഹോദരൻ കരൺ പറഞ്ഞു.

പങ്കജിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളെ എത്രയും വേഗം കണ്ടെത്തുമെന്നും അതിനായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.