കല്യാൺ: ഒരു ദിവസംമാത്രം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് ചവറ്റുകൊട്ടയിൽതള്ളിയ കേസിൽ അമ്മയും അമ്മൂമ്മയുമടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ മാതാ ബാനർജി, അമ്മൂമ്മ ശാന്താ സപൻ ബാനർജി, കമലേഷ് ഭാനുശാലി, മഹേഷ് ബണ്ടെ എന്നിവരെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്.

ഇരുപതുകാരിയായ യുവതി ഒരാഴ്ചമുൻപാണ് കുട്ടിക്ക് ജന്മം നൽകിയത്. യുവതിയുമായി നേരത്തെ ബന്ധമുണ്ടായിരുന്ന രണ്ടു യുവാക്കളും കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാൻ തയാറായില്ല. തുടർന്നു കുഞ്ഞിനെ കൊല്ലാൻ യുവതിയും അമ്മയും തീരുമാനിക്കുകയായിരുന്നു. മൃതദേഹം ‍ മാൻപാഡയിലെ മാലിന്യക്കൂമ്പാരത്തിന് സമീപം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു.

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിൽ ശുചീകരണ തൊഴിലാളികളാണു മൃതദേഹം കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണു കുട്ടിയെ കൊന്നതെന്ന് പൊലീസിന് ഇവർ മൊഴിനൽകി. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് സംശയം നിലനിൽക്കുന്നിനാൽ അറസ്റ്റിലായ യുവാക്കളുടെ ഡിഎൻഎ, പരിശോധനയ്ക്കായി അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.