പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന് പിന്നാലെ കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറിയാരോപണം. കോടിയേരി ബാലകൃഷ്ണന്‍റെ പേരിലുള്ള പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയെ തുടര്‍ന്ന് ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി.
കണ്ണൂർ : പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന് പിന്നാലെ കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറിയാരോപണം പുകയുന്നു. കോടിയേരി ബാലകൃഷ്ണന്‍റെ പേരില്‍ പണിയുന്ന കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസിന്‍റെ ഫണ്ട് പിരിവില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ലോക്കല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും നീക്കി.
പയ്യന്നൂരിലെ ഫണ്ട് വിവാദവും തെരഞ്ഞെടുപ്പിലെ തിരിച്ചടിയിലുണ്ടായ ക്ഷീണവും ഒതുങ്ങുന്നതിനു മുമ്പ് കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം സജീവമാവുകയാണ്. സിപിഎം കണ്ണൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസിനായി ഫണ്ട് പിരിവ് നടത്തി രണ്ടു വര്‍ഷമായിട്ടും കെട്ടിടം ഉയരാത്തിതിന് പിന്നില്‍ സാമ്പത്തിക ക്രമക്കോടെന്ന ആക്ഷേപമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. അടുത്തിടെ നടന്ന ബ്രാഞ്ച് ലോക്കല്‍ കമ്മറ്റി യോഗങ്ങളില്‍ വിമര്‍ശനം ശക്തമായതിന് പിന്നാലെ ലോക്കല്‍ സെക്രട്ടറി ഇ രമേശനെ സ്ഥാനത്ത് നിന്നും നീക്കി.കഴിഞ്ഞ ദിവസം ചേര്‍ന്ന ലോക്കല്‍ കമ്മറ്റി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം.
ഓഫീസ് നിര്‍മാണത്തിനായി കണ്ണൂര്‍ നഗരത്തില്‍ 70 ലക്ഷം രൂപയോളം ചെലവിട്ട് പഴയ വീടടങ്ങുന്ന സ്ഥലം വാങ്ങിയിട്ടുണ്ട്. ലോക്കല്‍ സെക്രട്ടറിയെന്ന പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിന് പകരം സ്വന്തം പേരില്‍ ഈ സ്ഥലം രമേശന്‍ രജിസ്റ്റര്‍ ചെയ്തെന്ന പരാതിയും ഉയര്‍ന്നു. നേതൃത്വത്തിന്‍റെ അനുമതിയില്ലാതെ ഈ സ്ഥലം ഈട് വെച്ച് ബാങ്കില്‍ നിന്നും വായ്പയെടുത്തെന്നും ആരോപണമുണ്ട്. പിരിവ് നടത്തിയതിലും, ഫണ്ട് ശേഖരണത്തിനായി പ്രദര്‍ശന പരിപാടി സംഘടിപ്പിച്ചതിലും കൃത്യമായ കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
ആരോപണങ്ങളില്‍ അന്വേഷണം നടത്താനായി രണ്ടംഗ കമ്മീഷനെ നിയോഗിക്കാന്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. പരാതികള്‍ നേരത്തെ തന്നെ നേതൃത്വത്തിന് ലഭിച്ചിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം കടുത്തത് കണക്കിലെടുത്താണ് അടിയന്തിര നടപടികളിലേക്ക് കടന്നത്. അതേ സമയം ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും ചിലര്‍ തെറ്റായ പ്രചാരണം പാര്‍ട്ടിക്കെതിരെ നടത്തുകയാണെന്നുെം സിപിഎം കണ്ണൂര്‍ ഏരിയാ കമ്മറ്റി പ്രതികരിച്ചു.


