വിവരാവാകാശ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാറും വിവരാവകാശ കമ്മീഷനും നിലപാട് വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തേണ്ട ബാധ്യതയില്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ വാദം. ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വിവരാവകാശ കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്നും അവ പൊതുജനങ്ങള്‍ക്ക് നല്‍കണമെന്നും വിവരാവകാശ കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

മന്ത്രിസഭാതീരുമാനങ്ങള്‍ 48 മണിക്കൂറിനകം ഉത്തരവായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ചീഫ് സെക്രട്ടറി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയിരുന്നു. പൊതുഭരണവകുപ്പാണ് ഇത്തരം കാര്യങ്ങള്‍ നടപ്പാക്കേണ്ടത്. എന്നാല്‍ ഇത് പലപ്പോഴും നടപ്പാക്കുന്നില്ല. സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. സാങ്കേതികതയുടെ പേരില്‍ അപേക്ഷകള്‍ തള്ളുന്നത് ജനവിരുദ്ധമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവായി ഇറങ്ങിയശേഷം പുറത്തുവിടുന്നതിന് എതിര്‍പ്പില്ലെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ഇക്കാര്യത്തില്‍ സര്‍ക്കാരും  വിവരാവകാശ കമ്മീഷനും തമ്മില്‍ നേരത്തെ അഭിപ്രായഭിന്നതയുണ്ടായിരുന്നു.