ടുണീഷ്യക്കെതിരെ ഹാട്രിക് സാധ്യത ഉണ്ടായിരുന്നെങ്കിലും കാല്‍ക്കുഴയ്ക്ക് പരുക്കേറ്റ ലുകാക്കുവിനെ 59ാം മിനിറ്റില്‍ തിരിച്ച്  വിളിക്കുകയായിരുന്നു.

മോസ്‌കോ: മുന്‍നിര താരങ്ങളുടെ പരിക്ക് ബല്‍ജിയത്തിന് തിരിച്ചടിയാവുന്നു. പരിക്കേറ്റ ലുകാക്കു ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ കളിക്കില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നാല് ഗോളുകളാണ് ലുകാക്കു നേടിയത്. 1986ല്‍ ഡീഗോ മറഡോണ തുടച്ചയായ രണ്ട് കളിയില്‍ രണ്ട് ഗോള്‍ നേടിയതിന് ശേഷം ഈനേട്ടം സ്വന്തമാക്കിയ ആദ്യ താരം കൂടിയാണ് ലുകാക്കു. 

ടോപ് സ്‌കോറര്‍ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം നില്‍ക്കുന്ന താരത്തിന് ഇംഗ്ലണ്ടിനെതിരേ കളിക്കാനാവില്ലെന്നാണ് ബെല്‍ജിയം കോച്ച് റോബര്‍ട്ട് മാര്‍ട്ടിനസ് പുറത്ത് വിടുന്ന വിവരം. ടുണീഷ്യക്കെതിരെ ഹാട്രിക് സാധ്യത ഉണ്ടായിരുന്നെങ്കിലും കാല്‍ക്കുഴയ്ക്ക് പരുക്കേറ്റ ലുകാക്കുവിനെ 59ാം മിനിറ്റില്‍ തിരിച്ച് വിളിക്കുകയായിരുന്നു.

എന്നാല്‍ പരിക്ക് മാറുമെന്നാണ് പ്രതീക്ഷയെന്ന് ലുകാക്കു. ലുകാക്കുവിനൊപ്പം ഇരട്ടഗോള്‍ നേടിയ ഹസാര്‍ഡിനും കാലിലെ പേശികള്‍ക്ക് പരിക്കുണ്ട്. ഇംഗ്ലണ്ടിനെതിരെ കളിക്കുമെന്നും പരിക്ക് സാരമുള്ളതല്ലെന്നും ഹസാര്‍ഡ്. ഇരുവര്‍ക്കുമൊപ്പം ബെര്‍ട്ടന്‍സിനും പരിക്കേറ്റതോടെ ഇംഗ്ലണ്ടിനെതിരായ ടീമില്‍ മാറ്റമുണ്ടാവുമെന്ന് മാര്‍ട്ടിനെസ് വ്യക്തമാക്കി.